അപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങി; പക്ഷേ പോപ്പിന് ഹോട്ടല്‍ വിടാന്‍ ഭാവമില്ല!

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
PRO
പുതിയ പോപ്പ് ഫ്രാന്‍സിസിന് താമസിക്കാനുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പക്ഷേ പോപ്പ് ഇപ്പോഴും കഴിയുന്നത് ഹോട്ടല്‍ മുറിയില്‍ തന്നെ. ആഢംബരങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, ലളിത ജീവിതത്തിന്റെ പ്രതീകമായാണ് പോപ്പ് അറിയപ്പെടുന്നത്. തനിക്ക് അടുത്തൊന്നും അപ്പാര്‍‌ട്ട്‌മെന്റിലേക്ക് മാ‍റാന്‍ പദ്ധതിയില്ല എന്നാണ് പോപ്പ് പറയുന്നത്.

മാര്‍ച്ച് 13 നടന്ന പോപ്പ് തെരഞ്ഞെടുപ്പിന് ശേഷം എന്നും രാവിലെ ഏഴ് മണിക്ക് ഹോട്ടല്‍ ചാപ്പലില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുര്‍ബാന നടക്കുന്നുണ്ട്. വത്തിക്കാനിലെ ഉദ്യാനപാലകര്‍, തെരുവ് തൂത്തുവാരുന്നവര്‍, ഹോട്ടല്‍ ജീവനക്കാര്‍, വത്തിക്കാന്‍ പത്രത്തിലെ ജീവനക്കാര്‍ എന്നിവരെയെല്ലാം കുര്‍ബാനയ്ക്ക് അതിഥികളായി പോപ്പ് ക്ഷണിക്കുന്നുമുണ്ട്.

പോപ്പിന്റെ തിരുവസ്ത്രം അണിഞ്ഞ് അദ്ദേഹം എത്രനാള്‍ ഇങ്ങനെ ഹോട്ടലില്‍ കഴിയും എന്ന് ഒരുപിടിയുമില്ലെന്നാണ് വത്തിക്കാന്‍ വക്താവ് പ്രതികരിച്ചത്.

ആര്‍ച്ച് ബിഷപ്പ് ആയിരുന്നപ്പോഴും ആഢംബര സൌകര്യങ്ങളുള്ള അരമന ഉപേക്ഷിച്ച് ബ്യൂണസ് അയേഴ്സ് നഗരത്തിന് പുറത്തുള്ള ഒരു കൊച്ചുവീട്ടിലാണ് അദ്ദേഹം കഴിഞ്ഞത്. ഒരു കട്ടില്‍ മാത്രം ഇടാന്‍ പാകത്തിലുള്ള ആ മുറിയില്‍ ഭക്ഷണം സ്വയം പാകം ചെയ്തു കഴിച്ച് അദ്ദേഹം ജീവിച്ചു. ട്രെയിനിലും ബസിലും സാധാ‍രണക്കാര്‍ക്കൊപ്പമാണ് അദ്ദേഹം യാത്ര ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :