കോഴിക്കോട് രണ്ടാമങ്കത്തിനൊരുങ്ങി രാഘവനും മുഹമ്മദ് റിയാസും?

WEBDUNIA|
PRO
ഇടതിനെയും വലതിനെയും ഒരേപോലെ ജയിപ്പിച്ച ചരിത്രമാണ് കോഴിക്കോടിനുള്ളത്. എന്നാല്‍ പുനരേകീകരണം കൊണ്ട് ആഭിമുഖ്യമാകെ മാറിമറിഞ്ഞ് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു കോഴിക്കോട് ലോക്സഭാ മണ്ഡലം.

ഇടതു കോട്ടയായ ബേപ്പൂരും കുന്ദമംഗലവും കോഴിക്കോട്ടേക്ക് ചേര്‍ക്കപ്പെടുകയും യുഡിഎഫ് കുത്തകയായിരുന്നു തിരുവമ്പാടി മണ്ഡലം വയനാട് മണ്ഡലത്തിലേക്കു മാറ്റുകയും ചെയ്തതോടെ ഇടതുപക്ഷത്തിന് ഭുരിപക്ഷമുള്ള മണ്ഡലമായി കോഴിക്കോട് വിലയിരുത്തപ്പെട്ടു.

എന്നാല്‍ അതിനുമുമ്പ് 1962 നു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ മൂന്നു തവണ മാത്രമാണ്‌ ഇടതു മുന്നണിയ്ക്കു കോഴിക്കോട്‌ മണ്‌ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചത്‌. ഇതില്‍ രണ്ടു തവണ ജനതാദള്‍ എസിലൂടെ എംപി വീരേന്ദ്രകുമാര്‍ ഇടതു മുന്നണിയ്ക്കു വിജയം സമ്മാനിച്ചു.

പക്ഷേ 2009ല്‍ ഇടതുമുന്നണിക്ക്‌ ശക്തമായ അടിത്തറയും മുന്‍തൂക്കവും കിട്ടിയിട്ടും കോ‍ഴിക്കോട്​ മണ്ഡലത്തില്‍ 838 വോട്ടിന്‍റെ അട്ടിമറി ജയം നേടിയാണ്​ എം കെ രാഘവന്‍ പാര്‍ലമെന്‍റിലെത്തിയത്​.

ജനതാദളില്‍നിന്നും കോഴിക്കോട് ഏറ്റെടുക്കാനുള്ള തീരുമാനം വിഭാഗീയതക്ക് കാരണമാകുകയും മുഹമ്മദ്​ റിയാസിന്‍റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിച്ചവിവാദവുമൊക്കെയാണ് എല്‍ഡിഎഫിന്റെ ഉറപ്പുള്ള സീറ്റ് എന്ന വിലയിരുത്തപ്പെട്ട കോഴിക്കോട് മണ്ഡലം എം കെ രാഘവന്‍റെ വിജയത്തിന്​ കാരണമായത്.

പക്ഷേ ഇടതുമുന്നണിവിട്ട എം പി വീരേന്ദ്രകുമാര്‍ ഒപ്പമുണ്ടായിട്ടും കോകോഴിക്കോട്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി എം കെ രാഘവനു നേടാനായത്‌ 838 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നുവെന്നതും ഇത്തവണ മത്സരത്തെ പ്രവചനാതീതമാക്കുന്നു.

അവസാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി എം കെ രാഘവന്‍ 2009 ല്‍ നേടിയത്‌ 34,2309 വോട്ടാണ്‌. സിപിഎം സ്ഥാനാര്‍ഥി പി എ മുഹമ്മദ്‌ റിയാസ്‌ നേടിയത്‌ 34,1471 വോട്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥി വിമുരളീധരന്‍ നേടിയത്‌ 89,718 വോട്ടും നേടി.

ഇത്തവണയും രണ്ടാമങ്കത്തിന് മുഹമ്മദ് റിയാസിനെത്തന്നെ മത്സര രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനമത്രെ. എന്നാല്‍ ആം ആദ്മി- ആര്‍എംപി ലയനം ഇടതുപക്ഷത്തിന് അല്‍പ്പം ക്ഷീണം വരുത്തുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിശദീകരിക്കുന്നുണ്ട്.

കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവനാണെന്ന് ഉറപ്പാണെങ്കിലും കെപിസിസി ജനറല്‍ സെക്രട്ടറിടി സിദ്ദീഖ് , കെപിസിസി നിര്‍വാഹകസമിതിയംഗം പിഎം സുരേഷ് ബാബു ഇവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ എസ്​ ജെഡിക്ക്‌ സീറ്റ്​ നല്‍കാന്‍ യുഡിഎഫ്​ തീരുമാനിച്ചാല്‍ കോ‍ഴിക്കോടും പരിഗണിക്കപ്പെടും.

കോഴിക്കോട് മുഹമ്മദ് റിയാസ് ആയിരിക്കുമെന്നാണ് സൂചനയെങ്കിലും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍,എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കൃഷ്ണപ്രസാദ്, മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെയും പേരുകളുമാണ് പറഞ്ഞുകേള്‍ക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :