ഇന്ത്യയ്ക്ക് അടി പതറി

PTIPTI
ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തിട്ടും ഇന്ത്യയ്ക്ക് അവസരം മുതലാക്കാനായില്ല.

ആകെ 212 റണ്‍സ് എടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. സമ്മര്‍ദ്ദം ഏറെ ഇല്ലാതിരുന്ന മത്സരമായിരുന്നെങ്കില്‍ കൂടി 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് മുന്‍ നിര ബാറ്റ്സ്‌മാന്മാരെ നഷ്ടമായി. ഇന്ത്യന്‍ നിരയില്‍ സച്ചിനും(55) യുവരാജും(71) മാത്രമാണ് ചെറുത്തു നില്‍പ്പിന്‍റെ സൂചനയെങ്കിലും കാട്ടിയത്.

നാലാം ഓവറില്‍ ആന്‍ഡേഴ്സനെ അടിച്ചു പറത്താന്‍ ശ്രമിച്ച ഗാംഗുലി(9) ബല്ലിന്‍റെ കൈയ്യിലൊതുങ്ങി. പിന്നീട് വന്ന ദിനേശ് കാര്‍ത്തിക്കിന് ഏറെയൊന്നും ചെയ്യാനായില്ല. ദിനേശ് (4) പതിനൊന്നാം ഓവറില്‍ കീപ്പര്‍ പ്രയറിന് ക്യാച്ച് നല്‍കി മടങ്ങി.

ക്യാപ്റ്റന്‍ ഒരു റണ്ണെടുത്ത് ഫ്ലിന്‍റോഫിന്‍റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ഈ അവസരത്തില്‍ ഇന്ത്യ 3 ന് 32 എന്ന നിലയില്‍ ഇഴയുകയായിരുന്നു. പിന്നീട് വന്ന യുവരാജ് സിംഗ് ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഇന്ത്യ ആദ്യമേ ലഭിച്ച ആഘാതത്തില്‍ നിന്ന് കളി കഴിയും വരെ മുക്തി നേടിയില്ല.

ഇന്ത്യയെ 212 റണ്‍സില്‍ ഒതുക്കി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം അത്ര സുഖകരമായില്ല. ആദ്യ ഓവറില്‍ തന്നെ സഹീര്‍ഖാന്‍ കുക്കിനെ റണ്‍സ് ഒന്നും നല്‍കാതെ പറഞ്ഞയച്ചു. അഗാര്‍ക്കറിന്‍റെ കരുത്തുറ്റ ബൌളിംഗില്‍ ഇന്ത്യ മുന്നേറുമെന്ന് തന്നെ തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നീട്.

എന്നാല്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 114 എന്ന നിലയില്‍ വിഷമിക്കുമ്പോള്‍ ബോര്‍ഡും(45 നോട്ടൌട്ട്) ബൊപ്പാരയും (43 നോട്ടൌട്ട്) ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയ തീരമണച്ചു.

ഏഴ് കളികളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 3-1 ന് മുന്നിലായി. ഇനി ഒരു കളി കൂടി ജയിച്ചാല്‍ പരമ്പര അവര്‍ക്ക് സ്വന്തമാവും. ഇന്ത്യയ്ക്ക് ഇനി ഒരു കളിയിലും പരീക്ഷണത്തിനുള്ള അവസരമില്ല.

ഓള്‍ഡ് ട്രാഫോര്‍ഡ്| PRATHAPA CHANDRAN|
സ്കോര്‍ കാര്‍ഡ് കാണാന്‍ ക്ലിക്ക് ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :