പാവങ്ങളുടെ ടുസാഡ്സ് ഗോവയിലേക്ക്

WEBDUNIA|
ലോക പ്രശ്സത മെഴുക് മ്യൂസിയമായ മാഡം ടുസാഡ്സിന്‍റെ മാതൃകയില്‍ ഊട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മെഴുക് മ്യൂസിയം ഇനി അധികകാലം നില നില്‍ക്കാന്‍ ഇടയില്ലെന്നാണ് ഇവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രാദേശിക ഭരണകൂടത്തിന്‍റെ നിസഹകരണം കാരണം മ്യൂസിയത്തിന്‍റെ നടത്തിപ്പ് ഏറെ ദുഷ്കരമായെന്നും അതിനാല്‍ ഇത് അടച്ചു പൂട്ടുന്നതിനെ കുറിച്ച് പോലും ഇതിന്‍റെ അണിയറ്ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഊട്ടീ കൂണൂര്‍ റോഡില്‍ 130 വര്‍ഷം പഴക്കമുള്ള ഒരു ബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിയം പാവങ്ങളുടെ ടുസാഡ്സ് എന്ന വിശേഷണം പോലും നേടിയിട്ടുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായി മെഴുക്തിരി വ്യവസായം നടത്തുന്ന ഭാസ്കരന്‍ എന്ന കലാകാരനാണ് ഇതിന്‍റെ സ്ഥാപകന്‍. ടുസാഡ്സിന്‍റെ മാതൃകയിലുള്ള ജീവന്‍ തുടിക്കുന്ന മെഴുക് ശില്‍പ്പങ്ങളാണ് ഈ മ്യൂസിയത്തിന്‍റെ പ്രത്യേകത. മഹാതമഗാന്ധിയും സുഭാഷ് ചന്ദ്ര ബോസു ഉള്‍പ്പടെയുള്ള സ്വാന്തന്ത്ര്യ സമര നായകരുടെ മുതല്‍ മുന്‍ പ്രസിഡന്‍റ് എ പി ജെ അബ്ദുല്‍ കലാമിന്‍റെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെയും വരെ പ്രതിമകള്‍ ഇവിടെയുണ്ട്. ഇവിടത്തെ 20 ശില്‍പ്പങ്ങള്‍ കാണാനായി നിരവധി ടൂറിസ്റ്റുകളാണ് ഇവിടെയെത്തിയിരുന്നത്.

ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവിടത്തെ പ്രതിമകള്‍ തയാറാക്കിയിരിക്കുന്നത്. ഈ പ്രതിമകള്‍ക്ക് 3 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ചിലവ് വരുമെന്നാണ് നടത്തിപ്പുക്കാര്‍ പറയുന്നത്.

എന്നാല്‍ മ്യൂസിയത്തിനെ ഒരു ടൂറിസം ആകര്‍ഷണമായി അംഗീകരിച്ച് ഇതിന് വേണ്ട് പിന്തുണ നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ഇതിന്‍റെ സംഘാടകരുടെ പരാതി. വെറും ഇരുപത് രൂപ പ്രവേശന ഫീസിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ടൂറിസം കേന്ദ്രത്തിന് ലഭിക്കേണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ മ്യൂസിയത്തിന്‍റെ നടത്തിപ്പ് വന്‍ സാമ്പത്തിക ബാധ്യതയായി മാറുന്നുവെന്നും ഇതിന്‍റെ നടത്തിപ്പുകാര്‍ പറയുന്നു. ഊട്ടി കൂണൂര്‍ റോഡ് വണ്‍ വേ ആയി മാറ്റിയതും മ്യൂസിയത്തിന് തിരിച്ചടിയായി മാറി.

ഈ സാഹചര്യം തുടര്‍ന്നാല്‍ മ്യൂസിയം അടച്ചു പൂട്ടേണ്ടി വരുമെന്ന് പോലും ഇവര്‍ക്ക് ഭയമുണ്ട്. എന്നാല്‍ അതിന്‍റെ പേരില്‍ തോല്‍വി സമ്മതിക്കാന്‍ ഭാസ്കരന്‍ തയാറല്ല. ഇതേ മാതൃകയില്‍ ഗോവയില്‍ ഒരു മ്യൂസിയം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണദ്ദേഹം. ഡാവഞ്ചിയുടെ അവസാന അത്താഴം എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മെഴുക പ്രതിമ ഭാസ്കരന്‍ തയാറാക്കിയിട്ടുണ്ട്. അഞ്ഞൂറ് കിലോ മെഴുക് ഉപയോഗിച്ച് തയാറാക്കിയ 22 അടി ഉയരമുള്ള ഈ ശില്‍പ്പം ഇപ്പോള്‍ ഗോവയിലെ ഒരു ദേവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇത് ഉള്‍പ്പടെയുള്ള പ്രതിമകള്‍ ഉള്‍ക്കോള്ളുന്ന ഒരു മ്യൂസിയം ഗോവയില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐ ടി വിദഗ്ധന്‍ കൂടിയായ ഭാസ്ക്കരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :