ജൂലി ക്രിസ്റ്റിക്ക് ഒരിക്കല്‍ കൂടി അംഗീകാരം

അഭിലാഷ് ചന്ദ്രന്‍

WEBDUNIA|

‘എവേ ഫ്രം ഹേര്‍’ എന്ന ചിത്രത്തില്‍ സ്മൃതിനാശം സംഭവിച്ച രോഗിയുടെ ചലനങ്ങള്‍ വളരെ മനോഹരമായി കൈകാര്യം ചെയ്താണ് ജൂലി ക്രിസ്റ്റി ഒരിക്കല്‍ കൂടി ലോക സിനിമയുടെ നെറുകയിലെത്തിയത്.

അറുപതുകളില്‍ ഹോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ഈ അറുപത്താറുകാരിക്ക് ഇത് രണ്ടാം തവണയാണ് മികച്ച നടിക്കുള്ള ഓസ്കാര്‍ ലഭിക്കുന്നത്. അംഗീകാരം തേടിയെത്താന്‍ അല്‍‌പം വൈകിയെങ്കിലും പ്രായം പ്രതിഭയെ തളര്‍ത്തുന്നില്ലെന്ന സന്ദേശമാണ് ക്രിസ്റ്റി നമുക്ക് നല്‍കുന്നത്.

നാല് ദശാ‍ബ്ദങ്ങള്‍ക്ക് മുമ്പാണ് ജൂലി ക്രിസ്റ്റിക്ക് ആദ്യ ഓസ്കാര്‍ ലഭിക്കുന്നത്. ‘ഡോക്ടര്‍ ഷിവാഗോ’ എന്ന ചിത്രത്തിലെ അഭിനയമാണ് അന്ന് ക്രിസ്റ്റിയെ ഓസ്കാറിന് അര്‍ഹയാക്കിയത്. അടുത്തയിടെ തന്നേക്കാള്‍ പകുതിയില്‍ താഴെ മാത്രം പ്രായമുള്ള പത്രപ്രവര്‍ത്തകനെ വിവാഹം കഴിച്ച ക്രിസ്റ്റിയുടെ, ഒരുപക്ഷെ, അവസാന കഥാപാത്രമായിരിക്കും

‘എവേ ഫ്രം ഹേറി’ലെ അല്‍‌ഷിമേഴ്സ് രോഗി. ബ്രിട്ടനിലെ ഏറ്റവും ഗ്ലാമറസും ബുദ്ധിമതിയുമായ നടിയായി അറിയപ്പെടുന്ന ക്രിസ്റ്റി എവേ ഫ്രം ഹേര്‍ എന്ന ചിത്രത്തോടെ അഭിനയം നിര്‍ത്തുകയാണെന്ന് അടുത്തയിടെ സൂചന നല്‍കിയിരുന്നു.

ഫാര്‍ ഫ്രം മാഡിങ്ങ് ക്രൌഡ് (1967), ഡാര്‍‌ലിംങ് (1965), ഹീറ്റ് ആന്‍റ് ഡസ്റ്റ് (1983) എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള ക്രിസ്റ്റി അറുപതുകളില്‍ ബ്രിട്ടീഷ് സിനിമയിലെ ഐക്കണ്‍ ആയാണ് അറിയപ്പെട്ടിരുന്നത്.

ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുക്കപ്പെട്ട നടി കൂടിയാണ് ക്രിസ്റ്റി. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും ശക്തമായ വക്താവായി മാറി ക്രിസ്റ്റി.

‘എവേ ഫ്രം ഹേറി’ലെ അഭിനയത്തിന് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ക്രിസ്റ്റിയ്ക്ക് ലഭിച്ചിരുന്നു. ക്രിസ്റ്റിക്ക് മുമ്പ് മൂന്ന് തവണ ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

കനേഡിയന്‍ നടികൂടിയായ സാറാ പോളിയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‍. ആലിസ് മണ്‍‌റോയുടെ “ദി ബിയര്‍ കേം ഓവര്‍ ദി മൌണ്ടന്‍“ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :