പൂപ്പാടങ്ങള്‍ പച്ചക്കറിക്ക് വഴിമാറി

SasiWD
ഇക്കുറി ഓണപ്പൂക്കള്‍ക്ക് ഉപഭോക്തൃ സംസ്ഥാനമായ കേരളം കനത്ത വില നല്‍കേണ്ടിവരും. കര്‍ണ്ണാടകത്തിലെ പൂപ്പാടങ്ങള്‍ മഴ കാരണം നശിച്ചതും തമിഴ്നാട്ടിലെ പൂപ്പാടങ്ങള്‍ വന്‍ തോതില്‍ പച്ചക്കറി കൃഷിക്ക് വഴിമാറിയതുമാണ് ഇത്തവണ പൂവില ക്രമാതീതമായി ഉയരാന്‍ കാരണം.

സത്യമംഗലം, മേട്ടുപ്പാളയം, തുടയല്ലൂര്‍, ഉദുമല്‍‌പേട്ട എന്നിവയെല്ലാമാണ് കോയമ്പത്തൂരിലേക്ക് പൂ എത്തിച്ചുകൊണ്ടിരുന്ന കേന്ദ്രങ്ങള്‍. മേട്ടുപ്പാളയത്ത് ഇന്ന് പൂപ്പാടങ്ങളില്‍ ഉരുളക്കിഴങ്ങ് വിളയുന്നു.

ഉരുളക്കിഴങ്ങ് മസാല ചേര്‍ത്ത ചിപ്സാക്കി വിദേശങ്ങളിലേക്ക് അയയ്ക്കുന്ന വന്‍‌കിട കമ്പനികള്‍ വന്‍ തോതില്‍ പണം നല്‍കി കര്‍ഷകരെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ്. ഉരുളക്കിഴങ്ങ് കൃഷി ചെയ്താല്‍ മുടക്ക് മുതലും പലിശയും മാത്രമല്ല നല്ല വരുമാനവും ഉണ്ടാവും എന്നറിഞ്ഞതോടെ കര്‍ഷകര്‍ പൂവിനെ മറന്നു.

മറ്റൊന്ന് തമിഴ്നാട് സര്‍ക്കാരിന്‍റെ സഹായ നടപടികളാണ്. പച്ചക്കറി കൃഷി ചെയ്താല്‍ സൌജന്യ വൈദ്യുതിയും പലിശയില്ലാ വായ്പയും മറ്റും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിന്നെ എന്തിനു പൂക്കൃഷി ചെയ്യണം.

ഉദുമല്‍‌പേട്ടില്‍ പൂപ്പാടങ്ങള്‍ തക്കാളി, പച്ചമുളക് കൃഷിയിടങ്ങളായി മാറി. സത്യമംഗലത്ത് സോയാബീന്‍ കൃഷിയാണ് പൊടിപൊടിക്കുന്നത്.

തുടിയല്ലൂരില്‍ പൂക്കൃഷിയുണ്ട്. പക്ഷെ, എണ്ണയെടുക്കാനുള്ള സൂര്യകാന്തി പൂക്കളാണെന്ന് മാത്രം. ഇപ്പോള്‍ മൈസൂര്‍, ഹൊസൂര്‍, തേനി എന്നിവിടങ്ങളില്‍ നിന്നെല്ലാം പൂക്കള്‍ വില്‍ക്കുന്നതുകൊണ്ടാണ് കോയമ്പത്തൂരിലെ പൂ വിപണി നിലനിന്നു പോകുന്നത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :