കോഴിക്കോട്ടുനിന്ന്‌ കാറ്റ്‌വാക്കിലേക്ക്‌

സമീര

FILEFILE
ഫാഷന്‍ ഷോയെന്ന്‌ കേട്ടാല്‍ അന്തംവിടുന്ന ഒരുകാലം കടന്ന്‌ പോയി. ഇന്ന്‌ ടെക്‌സ്റ്റെയില്‍ ഷോറൂമുകളില്‍ പുതിയൊരു വസ്ത്രമെത്തിയാല്‍ ഫാഷന്‍ ഷോ ഒരുങ്ങുകയായി. പുതിയതായെത്തിയ വസ്ത്രമണിഞ്ഞ്‌ തരുണീമണികളും പുരുഷകേസരികളും വാങ്ങാനെത്തുന്നവരെ പ്രലോഭിപ്പിക്കും.

അതെ, ഫാഷന്‍ ഷോകള്‍ നമ്മുടെ ചെറിയ കേരളീയ ജീവിതത്തിന്റെയും ഭാഗമാവുകയാണ്‌. കൊച്ചിയിലെ ശീമാട്ടിയിലും കോഴിക്കോട്ടെ സില്‍ക്ക്‌ പാര്‍ക്കിലും കാറ്റ്‌വാക്ക്‌ നടത്താന്‍ മോഡലുകള്‍ എത്തുമ്പോള്‍ നമുക്കും ഒന്ന്‌ എത്തിനോക്കണ്ടേ?

ഫാഷന്‍ കൊറിയോഗ്രഫറായ ഡാലുവുമായി സമീര നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ -

ചോദ്യം: കോഴിക്കോട്ടുനിന്ന്‌ കാറ്റ്‌വാക്കിലേക്കുള്ള പാത സ്വയം കണ്ടെത്തിയതോ ആരെങ്കിലും കാണിച്ചുതന്നതോ? ഫാഷന്റെ ലോകം തിരഞ്ഞെടുക്കാനുണ്ടായ പ്രചോദനവും സാഹചര്യവും ഒന്ന്‌ വിശദീകരിക്കാമോ?

ഡാലു: കാറ്റ്‌വാക്കിലേക്കുള്ള പാത സ്വയം കണ്ടെത്തിയതുതന്നെ. അതിനെന്നെ സഹായിക്കാന്‍ പലരും ഉണ്ടായിരുന്നു. എന്ന്‌ മാത്രം. അമ്മയെയും അച്ഛനെയും അച്ഛന്റെ കൂട്ടുകാരെയുമൊക്കെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഓര്‍ക്കുന്നു, അവര്‍ക്ക്‌ നന്ദി പറയുന്നു.

എന്റെ അച്ഛന്‍ കൃഷ്ണദാസിന്‌ കോഴിക്കോക്കൊരു ലോഡ്ജുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കൊരു ഇടത്താവളം കൂടിയായിരുന്നു ഈ ലോഡ്ജ്‌. ലോഡ്ജിന്റെ ഏറ്റവും മുകളിലെ ഒരു മുറി,

വിരുന്നുകാരായി വരുന്ന സിനിമാക്കാര്‍ക്കായി അച്ഛന്‍ റിസര്‍വ്വ്‌ ചെയ്‌തിടുമായിരുന്നു. പ്രേംനസീറും ബാബുരാജുമൊക്കെ ഈ ലോഡ്ജിലെ നിത്യസന്ദര്‍ശകരായിരുന്നു. അങ്ങനെ കലാരംഗവുമായി എനിക്കെന്റെ ആദ്യപരിചയം അച്ഛന്റെ ലോഡ്ജില്‍ നിന്ന്‌ കിട്ടി.

കുട്ടിക്കാലത്ത്‌ ചിത്രരചനയിലായിരുന്നു എനിക്ക്‌ കമ്പം. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ അതൊക്കെ വിട്ടു. ഊട്ടിയിലും കേരളത്തിലുമായാണ്‌ പഠിച്ചത്‌. പഠിത്തം കഴിഞ്ഞ്‌ ജോലിയന്വേഷിച്ച്‌ ഗള്‍ഫില്‍ എത്തിയതാണ്‌ എനിക്ക്‌ വഴിത്തിരിവായത്‌.

ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിലെ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വകുപ്പിലായിരുന്നു ജോലി. അവിടെ വച്ചാണ്‌ ഫാഷന്‍ രംഗവുമായി അടുത്തിടപഴകുന്നത്‌. അന്നേ തീരുമാനിച്ചതാണ്‌ റാമ്പ്‌വാക്കിംഗുമായി ബന്ധപ്പെട്ടാണ്‌ എന്റെ കരിയറെന്ന്‌.

എന്നെ ഒരു സിനിമാനടന്‍ ആക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ എന്നെ ആകര്‍ഷിച്ചത്‌ ഫാഷന്‍ രംഗമായിരുന്നു. ഫാഷന്‍ രംഗമെന്നോ മോഡലിംഗെന്നോ കേട്ടാല്‍ കലിതുള്ളുന്നവരായിരുന്നു എന്റെ ബന്ധുക്കളില്‍ പലരും. അമ്മയാണ്‌ അപ്പോഴൊക്കെയും എനിക്ക്‌ തുണയായി നിന്നത്‌. സത്യത്തില്‍ സ്ത്രീയായിട്ടും അമ്മ കാണിച്ച ധൈര്യം എനിക്ക്‌ ഒരു പുതിയ സംഗതിയായിരുന്നു. അപ്പോഴും ഇപ്പോഴും എന്റെ റോള്‍ മോഡലാണ്‌ എനിക്കമ്മ.

ഗള്‍ഫില്‍ നിന്ന്‌ നേരെ എത്തിയത്‌ സൗത്ത്‌ ഇന്ത്യയിലെ ഫാഷന്റെ കളിത്തൊട്ടിലായ ചെന്നൈയില്‍. തിരിഞ്ഞ്‌ നോക്കുമ്പോള്‍ അഭിമാനിക്കാന്‍ ഒരു പാട്‌ വകയുണ്ട്‌. മിസ്സ്‌ സൗത്ത്‌ ഇന്ത്യാ മത്സരങ്ങളടക്കം ഒരുപാട്‌ മെഗാ ഇവന്റുകളില്‍ ഭാഗഭാക്കാവാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ചോദ്യം: സുന്ദരികളായ പെണ്‍കുട്ടികളുമായിട്ടാണല്ലോ എപ്പോഴും കൂട്ട്‌. എന്നിട്ടും എന്തേ വിവാഹം ചെയ്യാതിരുന്നത്‌? അതോ പണ്ട്‌ മനോരമയ്ക്ക്‌ കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞതുപോലെ “ഫാഷനാണ്‌ എന്റെ കാമുകി”എന്നുതന്നെയാണോ ഇപ്പോഴും സ്റ്റാന്‍ഡ്‌? എന്താണീ സ്റ്റാന്‍ഡിന്‌ പിന്നിലെ ഫിലോസഫി?

ഡാലു: സ്റ്റാന്‍ഡ്‌ അതുതന്നെ! എന്റെ കാമുകിയിപ്പോഴും എപ്പോഴും ഫാഷന്‍ മേഖലയാണ്‌. പങ്കാളിയോട്‌ പാലിക്കേണ്ട ട്രഡീഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ എനിക്കിഷ്ടമല്ല. ഈ കമ്മിറ്റ്‌മെന്റുകളൊക്കെ പ്രതീക്ഷിച്ചാവുമല്ലോ ആണും പെണ്ണും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌.

എന്റെ കാര്യത്തില്‍ ഞാനീ കമ്മിറ്റ്‌മെന്റുകളില്‍ എനിക്കൊട്ടും വിശ്വാസമില്ല. ഞാനീ പറഞ്ഞതിനെ സ്ത്രീകളോടുള്ള വിരോധമായി വ്യാഖ്യാനിക്കരുതേ. എനിക്ക്‌ ഏറ്റവും കംഫര്‍ട്ടബിളായി തോന്നിയിട്ടുള്ളത്‌ സ്ത്രീകളുമായുള്ള ബന്ധമാണ്‌. എന്റെ കൂട്ടുകാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ.

WEBDUNIA|
അസിനും നയനും മലയാളി നടിമാരും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :