ഹസാരെ അനുഭാവികള്‍ സ്കൂള്‍ തകര്‍ത്തു

ഝാര്‍ഖണ്ഡ്| WEBDUNIA|
അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ സമരത്തെ അനുകൂലിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഝാര്‍ഖണ്ഡിലെ ദുംകയില്‍ സ്കൂള്‍ തകര്‍ത്തെന്ന് ആരോപണം. ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തോട് ആഭിമുഖ്യം പ്രഖ്യാപിച്ച് ഒരു ദിവസം സ്കൂള്‍ അടച്ചിടണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ഇതിനെ തുടര്‍ന്നാണ് സ്കൂള്‍ തകര്‍ത്തതെന്നും സെന്‍റ് ജോസഫ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ പീയൂഷ് ആരോപിച്ചു.

സംഭവത്തെക്കുറിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് ദുംക എസ്പി ഹേമന്ത് ടോപ്പോ മാധ്യമങ്ങളെ അറിയിച്ചു. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിച്ചിട്ടുണ്ട്.

എന്നാല്‍, എബിവിപി ദേശീയ സെക്രട്ടറി ബിമല്‍ ഇത് നിഷേധിച്ചു. അണ്ണാ ഹസാരെയുടെ സമരത്തെ എബിവിപി പിന്തുണയ്ക്കുന്നുണ്ട് എങ്കിലും തീര്‍ത്തും അഹിംസാപരമായ സമരത്തിലാണ് എബിപിവി വിശ്വസിക്കുന്നതെന്നും ബിമല്‍ പറഞ്ഞു. സ്കൂള്‍ അടച്ചിടണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുക മാത്രമാണ് എബിവിപി ചെയ്തതെന്നും എന്നാലത് അക്രമമാക്കി മനപൂര്‍വം ചിത്രീകരിക്കുകയായിരുന്നു എന്നും ബിമല്‍ വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :