സോണിയയ്ക്ക് ഒന്നുമറിയില്ല: മോഡി

അമ്രേലി| WEBDUNIA|
കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വീണ്ടും രംഗത്ത്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോണിയയ്ക്ക് ഒന്നുമറിയില്ലെന്ന് മോഡി പറഞ്ഞു.

കേന്ദ്ര ഫണ്ട് സ്വീകരിച്ചതിന്‍റെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേരത്തെ സോണിയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച പ്രാഥമിക അറിവുപോലുമില്ലാത്തതുകൊണ്ടാണ് സോണിയ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് മോഡി പറഞ്ഞു.

ഓരോ സംസ്ഥാനവും രണ്ട് മാസം കൂടുമ്പോള്‍ കേന്ദ്ര ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാറുണ്ടെന്നും സോണിയ അതെടുത്ത് പരിശോധിക്കുകയാണ് വേണ്ടതെന്നും മോഡി പറഞ്ഞു. അമ്രേലിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. സാമ്പത്തിക മേഖല കൂടുതല്‍ വഷളാവാന്‍ മാത്രമേ യുപിഎ സര്‍ക്കാരിന്‍റെ നടപടികള്‍ ഉപകരിച്ചുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ എല്‍കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്നും മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :