സോണിയയുടെ മതം എന്തായാലും നിങ്ങള്‍ക്കെന്ത്?

ചണ്ഡീഗഡ്| WEBDUNIA|
PTI
കോണ്‍‌ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും മക്കളുടെയും മതവും വിശ്വാസവും വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളപ്പെട്ടു. സോണിയയുടെയും മക്കളുടെയും മതം ആരെയും ബാധിക്കുന്ന പ്രശ്നമല്ലെന്നും അവരുടെ വിശ്വാസത്തെ പറ്റി അറിയാന്‍ ശ്രമിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു.

മുന്‍ ഹരിയാന ഡിജിപി പിസി വാധ്‌വയാണ് ഹര്‍ഹി സമര്‍പ്പിച്ചത്. വിവരാവകാശ നിയമം വഴി സോണിയയുടെയും കുടുംബത്തിന്റെയും മതമെന്താണെന്ന് അറിയാന്‍ ആദ്യം സെന്‍ട്രല്‍ പബ്ലിക് ഇര്‍ഫര്‍മേഷന്‍ ഓഫിസര്‍ മുമ്പാകെയാണ് വാധ്‌വ അപേക്ഷ നല്‍‌കിയത്. എന്നാല്‍ ആവശ്യം നിരസിക്കപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷനെ സമീപിച്ചപ്പോഴും അപേക്ഷ തള്ളപ്പെട്ടു. കമ്മിഷനും അപേക്ഷ തളളിയതോടെയാണു വാധ്‌വ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും വാധ്‌വയെ നിരാശയിലാക്കി.

“സോണിയയും മക്കളും പ്രമുഖരാണെങ്കിലും, ഹര്‍ഹിക്കാരന്റെ ആവശ്യം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടമാണ്, അതിനാല്‍ ഹര്‍ജി തള്ളുകയാണ്. സോണിയയുടെയും മക്കളുടെയും മതം വെളിപ്പെടുത്താന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഹര്‍ജിക്കാരന്റെ ആവശ്യം നീതീകരിക്കാനാവാത്തതാണ്” - കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് മുകള്‍ മുദ്ഗല്‍, ജസ്റ്റീസ് രംഗന്‍ ഗോഗോയി എന്നിവടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.

ഏറെ പ്രധാനപ്പെട്ടൊരു വിധിന്യായമായിട്ടാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ തീര്‍പ്പിനെ നിയമവിദഗ്‌ധര്‍ കാണുന്നത്. വിവരാവകാശ നിയമം വഴി, ഇന്ത്യന്‍ പൌരന്മാരുടെ മതവും വിശ്വാസവും എന്താണെന്ന് ചുഴിഞ്ഞുനോക്കാന്‍ പാടില്ലെന്ന് തന്നെയാണ് കോടതി വിധി അര്‍ത്ഥമാക്കുന്നതെന്ന് നിയമവിദഗ്‌ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :