സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി അടച്ചിടുന്നത് വന്‍ നഷ്ടം, കട്ടിലും ബെഡും മാറ്റാന്‍ അനുമതി

Shashi Tharoor, Sunanda Pushkar, Leela Palace, Death, Hotel, ശശി തരൂര്‍, സുനന്ദ പുഷ്കര്‍, ലീലാ പാലസ്, മരണം, ഹോട്ടല്‍
ന്യൂഡല്‍ഹി| BIJU| Last Modified ശനി, 22 ജൂലൈ 2017 (16:17 IST)
ശശി തരൂര്‍ എം‌പിയുടെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന ന്യൂഡല്‍ഹി ലീലാ പാലസ് ഹോട്ടലിലെ മുറി അനിശ്ചിതകാലത്തേക്ക് അടച്ചിടാനാവില്ലെന്ന് കോടതി. ഈ സ്യൂട്ട് തുറന്നുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഹോട്ടല്‍ മാനേജുമെന്‍റിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന്‍റെ പേരില്‍ ഈ ഹോട്ടല്‍ മുറി അനിശ്ചിതമായി അടച്ചിട്ടിരിക്കുന്നതുമൂലം വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ഹോട്ടല്‍ മാനേജുമെന്‍റ് വാദിച്ചിരുന്നു.

2014 ജനുവരി 17ന് സുനന്ദ പുഷ്കറിനെ ലീലാ പാലസിലെ 345 എന്ന നമ്പരിലുള്ള മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുമുതല്‍ ഈ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

പ്രതിദിനം 50000 രൂപയാണ് ഈ മുറിയുടെ വാടക. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഈ മുറിയില്‍ പലതവണ പരിശോധനകള്‍ നടന്നിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഈ മുറിയില്‍ ഒരു പരിശോധനയും പൊലീസ് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അനിശ്ചിതമായി ഈ മുറി അടച്ചിടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഈ മുറിയില്‍ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യമുള്ള വസ്തുക്കള്‍ വേണമെങ്കില്‍ മറ്റൊരു മുറിയിലേക്ക് മാറ്റാമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :