ശത്രുക്കള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല: സിംഗ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 26 നവം‌ബര്‍ 2010 (11:32 IST)
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമം ശക്തമാക്കുമെന്നും ശത്രുക്കളുടെ പദ്ധതികള്‍ക്ക് മുന്നില്‍ രാഷ്ട്രം കീഴടങ്ങില്ല എന്നും പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗ്. 26/11 ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

ആക്രമണ സമയത്ത് മുംബൈക്കാരും സുരക്ഷാ സൈനികരും പ്രദര്‍ശിപ്പിച്ച ധൈര്യത്തെയും ഒത്തൊരുമയെയും സിംഗ് പ്രശംസിച്ചു. ഇന്ത്യക്കാരുടെ ജീവിത രീതിയെയും സാമൂഹിക വ്യവസ്ഥിതിയെയും തകിടം മറിക്കാനുള്ള ശ്രമങ്ങളെ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും സിംഗിന്റെ പ്രസ്താവനയില്‍ പറയുന്നു.

ദക്ഷിണ മുംബൈയിലെ പൊലീസ് ആസ്ഥാനത്തുള്ള രക്തസാക്ഷി മണ്ഡപത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, ഉപ മുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ തുടങ്ങിയവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.

മുംബൈ പൊലീസും വായുസേനയും ദ്രുത പ്രതികരണ സേനയും ചേര്‍ന്ന് മറൈന്‍ ഡ്രൈവില്‍ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി. മുംബൈ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് വിവിധ സംഘടനകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :