ലോക്സഭ തെരഞ്ഞെടുപ്പ്: ഗൂഗിളുമായി ബന്ധം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സുരക്ഷാഭീതി മുന്‍ നിര്‍ത്തി ഇന്റര്‍നെറ്റ്‌ ഭീമന്‍മാരായ ഗൂഗിളുമായുള്ള ബന്ധം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. പ്രധാന പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ്‌ തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വോട്ടര്‍മാര്‍ക്കുള്ള സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷനോട്‌ സഹകരിക്കാന്‍ ഗൂഗിള്‍ മുന്നോട്ട്‌ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി എസ്‌ സമ്പത്ത്‌, കമ്മീഷണര്‍മാരായ എച്ച്‌ എസ്‌ ബ്രഹ്‌മ, എസ്‌എന്‍എ സെയ്‌ദി എന്നിവരുമായി വ്യാഴാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ പദ്ധതിയുമായി മുന്നോട്ട്‌ പോകേണ്ടെന്ന്‌ തീരുമാനം എടുക്കുകയായിരുന്നു. മികച്ച തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി കമ്മീഷന്‍ മുന്നോട്ട്‌ വെയ്‌ക്കുന്ന നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കാനായി ഒരു സംവിധാനം ഗൂഗിള്‍ നേരത്തേ തെരഞ്ഞെടുപ്പ്‌ കമ്മീഷനു മുമ്പാകെ വെച്ചിരുന്നു. ഇക്കാര്യത്തില്‍ നോണ്‍ ഡിസ്‌ക്ളോഷര്‍ കരാറും ഗൂഗിളുമായി കമ്മീഷന്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖകള്‍ ഗൂഗിളിന്‌ കൈമാറേണ്ട എന്ന നിലപാടിലാണ്‌ കമ്മീഷന്‍ ഇപ്പോള്‍.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവെച്ചതിന്‌ പിന്നാലെ തന്നെ സൈബര്‍ മേഖലയില്‍ സജീവമായിട്ടുള്ള ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആശങ്ക അറിയിച്ചിരുന്നു. പ്രശ്‌നം ഓള്‍പാര്‍ട്ടി മീറ്റിംഗ്‌ വിളിച്ച്‌ ചര്‍ച്ച ചെയ്യേണ്ടതാണെന്നാണ്‌ ഇവര്‍ പറഞ്ഞത്‌. ഇവര്‍ക്ക്‌ പിന്നാലെ വിഷയത്തെ വിമര്‍ശിച്ചു കൊണ്ട്‌ കോണ്‍ഗ്രസ്‌ മുഖ്യ കമ്മീഷണര്‍ക്ക്‌ കത്തയയ്‌ക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏതെങ്കിലും തരത്തില്‍ കരാര്‍ പ്രശ്‌നമാകാതെ നോക്കണമെന്ന്‌ അവര്‍ കത്തില്‍ ആവശ്യപ്പെടുകയും ചെയ്‌തു.

ഇവര്‍ക്ക്‌ പുറമേ സൈബര്‍ സുരക്ഷാ വിദഗ്‌ദ്ധരുടെ സംഘവും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ ചോദ്യം ചെയ്‌തു. ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട രേഖകള്‍ ഒരു കമ്പനിക്ക്‌ നല്‍കരുതെന്നും നിര്‍ദേശിച്ചു. ഇന്ത്യയുടെ പല രേഖകളും അമേരിക്ക ചോര്‍ത്തിയെന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ ആശങ്കയോടെയാണ്‌ വിഷയത്തില്‍ പ്രമുഖരെല്ലാം രംഗത്ത്‌ വന്നിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :