ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ നാളെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നത് നാളേക്ക് മാറ്റി. കേന്ദ്രതൊഴില്‍ മന്ത്രി ശിശ്‌റാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ബില്ലിനെതിരെ കടുത്ത നിലപാടെടുത്ത സമാജ് വാദിപാര്‍ട്ടി അനുനയത്തിലെത്തിയതായാണ് സൂചന. ബില്ലിലെ ചര്‍ച്ചയെ സമാജ്‌വാദ് പാര്‍ട്ടി എതിര്‍ക്കാനിടയില്ല. ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

ലോക്പാല്‍ ബില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയുടേയും സീമാന്ധ്ര എംപിമാരുടേയും ബഹളത്തെ തുടര്‍ന്ന് തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു. ലോക്പാല്‍ ബില്‍ അല്ല വിലക്കയറ്റമാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടിയുടെ ആവശ്യം.

സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച പതിനാല് ഭേദഗതികളോടെയാണ് വി നാരായണ സ്വാമി ബില്‍ അവതരിപ്പിച്ചത്. സിബിഐ മേധാവിയെ പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം നിശ്ചയിക്കുമെന്ന് പുതുക്കിയ ലോക്പാല്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സംഘടനകളെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മതരാഷ്ട്രീയ സംഘടനകളെ ഒഴിവാക്കി.

ലോക്പാല്‍ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ ലോകായുക്ത രൂപീകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അഴിമതിക്കാരുടെ സ്വത്ത് വകകള്‍ ഏറ്റെടുക്കണമെന്ന സെനറ്റ് കമ്മിറ്റി ശുപാര്‍ശയ്ക്ക് കേന്ദ്രം ഭേദഗതി വരുത്തി. സ്വത്ത് ഏറ്റെടുക്കും മുമ്പ് വിശദീകരണ നോട്ടീസ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :