രാജസ്ഥാന്‍: ബിജെപി സമ്മര്‍ദ്ദത്തില്‍

ജയ്‌പൂര്‍| WEBDUNIA|
രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭം കൂട്ടക്കൊലയില്‍ അവസാനിച്ച സംഭവത്തില്‍ വസുന്ധരാ രാജി സിന്ധ്യ സര്‍ക്കാര്‍ വിഷമവൃത്തത്തിലാകുന്നു. മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും അക്രമ സംഭവങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണിത്‌.

ഗുജ്ജാര്‍ സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന്‌ ആരോപിച്ചു തുടങ്ങിയ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ്‌ പോലീസ്‌ വെടിവയ്പ്പ്‌ ഉണ്ടായത്‌. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 80ഓളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു.

പോലീസ്‌ നടപടിക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ വേണ്ടത്ര പിന്തുണ കിട്ടിയിട്ടില്ല. സംസ്ഥാനത്തു കൂടി കടന്നുപോകുന്ന പല ട്രെയിനുകളും റദ്ദുചെയ്തിട്ടുണ്ട്‌. ഡല്‍ഹിയില്‍ നിന്ന്‌ രാജസ്ഥാനിലേക്കുള്ള പല ബസ്‌ സര്‍വ്വീസുകളും റദ്ദ്‌ ചെയ്തിട്ടുണ്ട്‌. ബിജെപി നേതൃത്വവും സംഭവത്തില്‍ ആശങ്കാകുലരാണ്‌.

കഴിഞ്ഞ ദിവസം ബിജെപി ഉപാദ്ധ്യക്ഷന്‍ സാഹിബ്‌ സിംഗ്‌ വര്‍മ്മ സംഭവത്തില്‍ തനിയ്ക്കുള്ള വിയോജിപ്പ്‌ പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു. ഗുജ്ജാര്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്ത്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ വസുന്ധരാ രാജ സിന്ധ്യയ്ക്ക്‌ ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ബിജെപിയിലുള്ള ഗുജ്ജാര്‍ നേതാക്കളും സമ്മര്‍ദ്ദത്തിലാണ്‌. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവരണമെന്ന്‌ അവര്‍ക്കുമേല്‍ സമുദായം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്‌. സര്‍ക്കാര്‍ സ്ഥാപനങള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും അക്രമം വ്യാപകമാണ്. കഴിഞ്ഞ ദിവസം അക്രമികള്‍ രണ്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് തീവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :