മികവിന്‍റെ പട്ടികയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്ല

ലണ്ടന്‍| WEBDUNIA|
ലോകത്തിലെ സര്‍വകലാശാലകളില്‍ ഇന്ത്യയിലെ ഒറ്റ സര്‍വകലാശാല പോലും ഇടം പിടിച്ചില്ല. പതിവുപോലെ അമേരിക്കയ്ക്കും ബ്രിട്ടണും തന്നെയാണ് പട്ടികയില്‍ ആധിപത്യം. ഉന്നത വിദ്യാഭ്യാസ രാംഗത്തെ റാങ്കിംഗ് നിര്‍ണയിക്കാനായി ക്യുഎസ്/ ടൈംസ് നടത്തിയ സര്‍വെയില്‍ മികവിന്‍റെ പര്യായമായി അമേരിക്കയിലെ ഹാര്‍വാര്‍ഡ് തന്നെ സര്‍വകലാശാല ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ബ്രിട്ടണിലെ കേംബ്രിഡ്ജ് സര്‍വകലാശാല മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതായി. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയും ഒരു പടി ഇറങ്ങി. മൂന്നാമതാണ് യേല്‍ സര്‍വകലാശാ‍ലയുടെ സ്ഥാനം.

ആദ്യപത്തില്‍ നാല് സര്‍വകലാശാലകളും ആദ്യ നൂറില്‍ 18 സര്‍വകലാശാലകളുമുണ്ടെങ്കിലും ബ്രിട്ടണ്‍ ഇപ്പോഴും അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് തന്നെയാണ്. ആദ്യ നൂറിലെ ഏഷ്യന്‍ സര്‍വകലാശാലകളുടെ എണ്ണം 14ല്‍ നിന്ന് 16 ആയി ഉയര്‍ന്നിട്ടുണ്ട്. 22 ആം സ്ഥാനത്തുള്ള ടോക്കിയോ സര്‍വകലാശാലയാണ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുളള ഏഷ്യന്‍ സര്‍വകലാശാ‍ല. ഹോംഗ്കോംഗ് സര്‍വകലാശാല 24 ആം സ്ഥാനത്താണ്.

ആദ്യ നൂറില്‍ വടക്കേ അമേരിക്കയില്‍ നിന്നുള്ള സര്‍വകലാശാലകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ 42 സര്‍വകലാശാലകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 36 സര്‍വകലാശാ‍ലകള്‍ മാത്രമേ ഇടം‌പിടിച്ചുള്ളു.

സ്ഥാപനത്തിലെ ഗവേഷണ സൌകര്യം, അധ്യാപന നിലവാരം, വിദേശ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നിയമിക്കാനുള്ള കഴിവ് എന്നിവ അടിസ്ഥാനമാക്കി ആഗോള തലത്തില്‍ 9000 അകാദിമിക്കുകള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലൂടെയാണ് മികവിന്‍റെ 100 സര്‍വകലാശാലകള്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :