മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്ന് മമത

PTI
ഭൂമി ഏറ്റെടുക്കലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം അട്ടിമറിക്കാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തുന്നു എന്ന് മമത ബാനര്‍ജി. ഒരു വിഭാഗം മാധ്യമങ്ങള്‍ സമരത്തിനെതിരെ അസത്യ പ്രചരണം നടത്തുകയാണെന്നും മമത ആരോപിച്ചു.

തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ‘ആനന്ദ് ബസാര്‍ പത്രിക’, ‘സംബന്ധ് പ്രതിദിന്‍’ എന്നീ പത്രങ്ങളും ‘സ്റ്റാര്‍ ആനന്ദ’, ‘ചൌബീസ് ഘണ്ഡ’ എന്നീ ടെലിവിഷന്‍ ചാനലുകളും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹിഷ്കരിക്കണമെന്നും മമത വ്യാഴാഴ്ച ആഹ്വാനം ചെയ്തു. ഈ മാധയമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിമകളാണെന്നും മമത പറഞ്ഞു.

സിംഗൂരില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസിന് കൈക്കൂലി നല്‍കി 20 ട്രക്കുകള്‍ തടഞ്ഞിട്ട് പടം പ്രസിദ്ധീകരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ദേശീയപാതയില്‍ നിന്ന് വിട്ടുമാറിയായിരുന്നു പ്രവര്‍ത്തകര്‍ ഇരുന്നത്. കൂടുതല്‍ പ്രവര്‍ത്തകര്‍ വന്നപ്പോള്‍ ദേശീയപാതയിലേക്കും ആളുകള്‍ കയറേണ്ടി വന്നു.

എന്നാല്‍, സമാന്തര റോഡിലൂടെ വാഹനങ്ങള്‍ ഗതാഗതം നടത്തിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സമരം അവസാനിപ്പിക്കാനായി ഒരു മാധ്യമത്തിന്‍റെ തലവന്‍ വലിയൊരു തുക നല്‍കാമെന്ന് പറഞ്ഞതായും മമത വെളിപ്പെടുത്തുന്നു.

പണത്തിന്‍റെ പിന്‍‌ബലമില്ല എങ്കിലും സാധാരണക്കാരുടെ പിന്‍‌ബലം തനിക്കുണ്ട് എന്ന് മമത പറഞ്ഞു. ഒരിക്കലും പണത്തിനു വേണ്ടി അണികളെ ഒറ്റിക്കൊടുക്കില്ല എന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

സിംഗൂരിലെ ടാറ്റ പദ്ധതി പ്രദേശത്ത് തൃണമൂ‍ല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടന്നു വരികയാണ്. വ്യവസായത്തിനായി ഏറ്റെടുത്ത 400 ഏക്കര്‍ സ്ഥലം വിട്ടു നല്‍കണമെന്നാണ് ആവശ്യം.
സിംഗൂര്‍| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :