ബ്രെഡും ബിസ്‌കറ്റും സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിക്കുക...അവ നിങ്ങളെ ഒരു കാന്‍സര്‍ രോഗിയാക്കും

ഇഷ്ട ആഹാരപദാര്‍ത്ഥങ്ങളായ ബ്രെഡ്, ബണ്‍, ബിസ്‌കറ്റ്, പിസ്സ തുടങ്ങിയവയില്‍ മാരക രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍.

ന്യൂഡല്‍ഹി, ബ്രെഡ്, ബിസ്‌കറ്റ്, ആരോഗ്യം, കാന്‍സര്‍ NEWDELHI, BRED, BISCKET, HEALTH, CANSER
സജിത്ത്| Last Modified തിങ്കള്‍, 23 മെയ് 2016 (16:16 IST)
ആളുകളുടെ ഇഷ്ട ആഹാരപദാര്‍ത്ഥങ്ങളായ ബ്രെഡ്, ബണ്‍, ബിസ്‌കറ്റ്, പിസ്സ തുടങ്ങിയവയില്‍ മാരക
രാസവസ്തുക്കളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇത്തരം രാസവസ്തുക്കള്‍ മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. ഇവയില്‍ 84 ശതമാനം സാംപിളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ കണ്ടെത്തി. ഉപ്പിന്റെ അധികമായ തോത് തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പൊട്ടാസ്യം അയൊഡേറ്റിന്റെ ഉപയോഗം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിന് വിലക്കില്ലയെന്നതാണ് മറ്റൊരു വസ്തുത.

മണമോ രുചിയോ നിറമോ ഇല്ലാത്ത പൊട്ടാസ്യം ബ്രോമേറ്റ് വയറുവേദന, അതിസാരം, ഛര്‍ദ്ദി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കല്‍, ബധിരത, വെര്‍ട്ടിഗോ, നാഡീസംവിധാനങ്ങള്‍ക്ക് തകരാര്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിന്റെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ 2001 ലും കാനഡയില്‍ 2005 ലും പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു. അതേസമയം ബേക്കറി വിഭവങ്ങളിലും ബ്രെഡിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയൊഡേറ്റ് എന്നിവ ഉപയോഗിക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അനുവാദം നല്‍കിയിട്ടുണ്ട്. 2011 ലെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് ബ്രെഡില്‍ ഇവയുടെ അളവ് ഒരു കിലോഗ്രാമിന് 50 മില്ലി ഗ്രാം എന്ന തോതില്‍ ആയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :