ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കല്‍: തീരുമാനം വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നത് - ആര്‍ബിഐയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Reserve bank , RBI , Adhar card , bank , റിസര്‍വ് ബാങ്ക് , ബാങ്ക് അക്കൗണ്ടുകൾ , ആധാർ , ആര്‍ബിഐ
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ഞായര്‍, 22 ഒക്‌ടോബര്‍ 2017 (09:58 IST)
ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഇത്തരമൊരു തീരുമാനമെടുത്തതിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്ത്രീ അവകാശ പ്രവര്‍ത്തകയായ കല്യാണി മേനോന്‍ സെന്‍ ആണ് ഹര്‍ജിക്കാരി.

ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് മാര്‍ച്ച് 23ന് വാര്‍ത്താവിനിമയ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഈ രണ്ട് തീരുമാനങ്ങളും വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസമാണ് എല്ലാ ബാങ്ക് അക്കൗണ്ടുകളും കാർഡുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ ഉത്തരവില്ല എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു ഈ വിഷയത്തില്‍ ആര്‍ബിഐ വിശദീകരണം നല്‍കിയത്.

കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരം ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണം.
ഇക്കാര്യം നടപ്പിലാക്കുന്നതിനായി ബാങ്കുകള്‍ ഇനിയൊരു ഉത്തരവിനായി കാത്തിരിക്കേണ്ടതില്ല. നിര്‍ദ്ദേശം അടിയന്തരമായി നടപ്പിലാക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡിസംബര്‍ 31മുമ്പ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :