ബരാക് ഒബാമ ഇന്ത്യയില്‍ എത്തി

ന്യൂഡല്‍ഹി| Joys Joy| Last Updated: ഞായര്‍, 25 ജനുവരി 2015 (10:18 IST)
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തി. ദില്ലി പാലം വിമാനത്താവളത്തില്‍ എത്തിയ ബരാക് ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു. ഭാര്യ മിഷേലിനൊപ്പമാണ് ബരാക് ഒബാമ എത്തിയത്.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഒബാമയും സംഘവും ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. വാഷിംഗ്‌ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു ഒബാമ ഇന്ത്യയില്‍ എത്തിയത്.

ഇത് ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്. ഒബാമയ്ക്കൊപ്പം ഭാര്യ മിഷേലും യു എസ് പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് കക്ഷി നേതാവ് നാന്‍സി പെലോസി ഉള്‍പ്പടെയുള്ള സാമാജികരും മന്ത്രിസഭാംഗങ്ങളും ബിസിനസ് രംഗത്തുനിന്നുള്ള പ്രമുഖരുമടക്കം വന്‍ സംഘമാണ് എത്തുന്നത്.

ഉച്ചയ്ക്ക് പന്ത്രണ്ടിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രേ മോഡിയും രാഷ്‌ട്രപതി ഭവനില്‍ ഒബാമയെ ഔപചാരികമായി സ്വീകരിക്കും. 12.40ന് രാജ്ഘട്ടില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ എത്തുന്ന ഒബാമ അവിടെ വൃക്ഷത്തൈ നടും.

ഹൈദരാബാദ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ലഘുസംഭാഷണം നടത്തും. തുടര്‍ന്ന് 4.10ന് സംയുക്തപ്രസ്താവനയും നടത്തും. രാത്രി 07.50 ന് ഒബാമ രാഷ്‌ട്രപതിഭവനില്‍ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. ജനുവരി 27ന് സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ നടത്തുന്ന പ്രസംഗത്തിനു ശേഷം താജ്മഹല്‍ സന്ദര്‍ശിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :