ബബ്‌ലൂവിന് ജീവപര്യന്തം

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
അറോറ വധ കേസില്‍ അധോലോക നായകന്‍ ബബ്‌ലൂ ശ്രീവാസ്തവ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ടാഡ കോടതി ചൊവ്വാഴ്ച ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 1993 ലാണ് കേസിന് ആധാരമായ സംഭവം നടന്നത്.

ബബ്‌ലുവിന്‍റെ കൂട്ടാളികളായ മഞ്ജിത് സിംഗ്, കിശോര്‍ സയ്നി എന്നിവരുടെ സഹായത്തോടെ കൊലപാതകം നടത്തി എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരിക്കുന്നത്. കൊലപാതകം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

ബബ്‌ലുവിനെ 1995 ല്‍ സിംഗപ്പൂരില്‍ വച്ച് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിരവധികേസുകള്‍ ഉണ്ടായി എങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

മുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് കണ്ട്രോളറായി ജോലി നോക്കിയിരുന്ന അറോറയുമായി ബബ്‌ലുവിന് ഉണ്ടായിരുന്ന വൈരാഗ്യമാണ് 1993 മാര്‍ച്ച് 24 ന് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബബ്‌ലുവിന്‍റെ ഗൂ‍ഡാലോചന നടപ്പാക്കിയത് കൂട്ടാളികളാണ്.

ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ ജനിച്ച ബബ്‌ലു ലക്നൌ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഒരുകാലത്ത് അധോലോക നായകന്‍ ദാവൂദിന്‍റെ വലം‌കൈയ്യായി പ്രവര്‍ത്തിച്ചിരുന്നു എങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. ഇന്ത്യയില്‍ ഉടനീളം റിയല്‍‌എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടെന്ന് കരുതുന്ന ഇയാള്‍ 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്‌നാദള്‍ ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :