രാംപുർ|
സജിത്ത്|
Last Modified വ്യാഴം, 22 ജൂണ്‍ 2017 (10:57 IST)
കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തിൽ സഹായാഭ്യര്‍ത്ഥനയുമായെത്തിയ യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശ് രാംപുരിലുള്ള ഗഞ്ച് പൊലീസ് സ്റ്റേഷനിലാണു രാജ്യത്തെ തന്നെ നാണം കെടുത്തിയ സംഭവം നടാണ്ണാത്ത്. ഇത്തരമൊരു പരാമര്‍ശം നടത്തിയ പൊലീസ് ഓഫിസർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
രണ്ടുപേരാൽ പീഡിപ്പിക്കപ്പെട്ട മുപ്പത്തിയേഴുകാരിയായ സ്ത്രീക്കാണു ഇത്തരമൊരു ദുരനുഭവമുണ്ടായത്. ആക്രമികളിൽനിന്നു രക്ഷനേടിയ യുവതി ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവർ പിറകെയുണ്ടെന്നും അവരെ പിടികൂടി തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. എന്നാൽ താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസിൽ നടപടിയെടുക്കാം എന്നായിരുന്നു എസ്ഐ പറഞ്ഞതെന്ന് യുവതി പറയുന്നു.
ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയൽ എസ്‌ഐ അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി ഇടപെട്ടാണ് വീണ്ടും കേസെടുത്തത്. ഇതിനിടെ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നും വീട്ടിൽ താന്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടിരുന്നതായും യുവതി പറയുന്നു. നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചെങ്കിലും അയാളുടെ നിലപാടിൽ മാറ്റമുണ്ടായില്ല.
തുടർന്ന് എസ്ഐയുടെ സംഭാഷണം യുവതി രഹസ്യമായി റെക്കോർഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായാണ് ഇവർ നേരിട്ടു എസ്പിയെ കണ്ടു പരാതിനൽകിയത്. എസ്പി ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷൻ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് അറിയിച്ചു. ഫെബ്രുവരി 12നാണു യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്ന് പീഡിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.