നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു; ജനങ്ങളുടെ ത്യാഗം മനസിലാക്കുന്നു, നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തിന്‍റെ ശോഭനമായ ഭാവിക്ക് അടിസ്ഥാനശിലയിട്ടു

നഗരത്തില്‍ സാധാരണക്കാര്‍ക്ക് വീട്, ഗര്‍ഭിണികള്‍ക്ക് 6000 രൂപ, മുതിര്‍ന്ന പൌരന്‍‌മാരുടെ നിക്ഷേപത്തിന് 8 ശതമാനം പലിശ; അനേകം പദ്ധതികള്‍ പ്രഖ്യാപിച്ച് നരേന്ദ്രമോദി

Narendra Modi, Black Money, PM, India, Note, Demonitization, BJP, നരേന്ദ്രമോദി, കള്ളപ്പണം, പ്രധാനമന്ത്രി, ഇന്ത്യ, നോട്ട്, അസാധു, ബി ജെ പി
ന്യൂഡല്‍ഹി| Last Modified ശനി, 31 ഡിസം‌ബര്‍ 2016 (20:22 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്‍റെ ചരിത്രത്തിലെ മഹത്തായ ശുദ്ധീകരണ പ്രവര്‍ത്തനമായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന ദൌത്യമായിരുന്നു അതെന്നും കള്ളപ്പണത്തിനെതിരെ ജനങ്ങള്‍ ഒന്നിച്ച് പോരാടിയെന്നും ഏറ്റവും വലിയ ശുദ്ധീകരണ ദൌത്യത്തിനായി സര്‍ക്കാരിനൊപ്പം ജനം കൈകോര്‍ത്തതായും പ്രധാനമന്ത്രി പറഞ്ഞു.

നോട്ട് പിന്‍‌വലിക്കല്‍ നടപടിയോട് ജനങ്ങളുടെ പ്രതികരണം ഏറെ മതിപ്പുളവാക്കി. അഴിമതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിച്ചിരുന്നു. അതില്‍നിന്ന് നിന്ന് ജനം മോചനം ആഗ്രഹിച്ചിരുന്നു. കോടിക്കണക്കിന് ജനങ്ങള്‍ ത്യാഗത്തിന് തയ്യാറായി. ജനത്തിന് സ്വന്തം പണം പിന്‍‌വലിക്കാന്‍ ക്യൂവില്‍ നില്‍ക്കേണ്ടിവന്നു. ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. കര്‍ഷകരുടെ ബുദ്ധിമുട്ടും മനസിലായി. ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ നടപടിയെടുക്കും. ബുദ്ധിമുട്ട് അറിയിച്ച് ധാരാളം കത്തുകള്‍ കിട്ടി. പ്രതിസന്ധി അറിയിക്കുമ്പോഴും ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനം എന്നില്‍ വിശ്വാസമര്‍പ്പിച്ചു.

കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നുമുള്ള മോചനമായിരുന്നു ലക്‍ഷ്യം. രാജ്യത്തിന്‍റെ ശോഭനമായ ഭാവിക്ക് അടിസ്ഥാനശിലയിടാന്‍ കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ബാങ്കുകളുടെ സ്ഥിതി സാധാരണ നിലയിലാകും. 10 ലക്ഷത്തിന് മേല്‍ വരുമാനമുണ്ടെന്ന് സമ്മതിച്ചത് വെറും 24 ലക്ഷം പേരാണ്. അഴിമതിക്കാരെ നേര്‍വരയില്‍ എത്തിക്കാന്‍ നടപടിയെടുക്കും. ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാരിന്‍റെ കരുത്ത്.

സത്യസന്ധരായി ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കും. സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. സാങ്കേതിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കള്ളപ്പണക്കാരെ കുടുക്കാന്‍ കഴിഞ്ഞു. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി നീളില്ല. ഗ്രാമീണമേഖലയിലെ പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കും. പരമ്പരാഗത രീതികള്‍ ബാങ്കുകള്‍ ഉപേക്ഷിക്കണം. ബാങ്കുകളില്‍ പണം കുമിഞ്ഞുകൂടിയ സമയമാണിത്.

നഗരത്തില്‍ പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ രണ്ട് പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നഗരത്തില്‍ വീടുവാങ്ങാന്‍ ഇടത്തരക്കാര്‍ക്ക് ഒമ്പതുലക്ഷത്തിന് നാലുശതമാനവും 12 ലക്ഷത്തിന് മൂന്ന് ശതമാനവും വായ്പയില്‍ പലിശയിളവ് നല്‍കും. ഗ്രാമങ്ങളില്‍ 33 ശതമാനം വീടുകള്‍ നിര്‍മ്മിക്കും. കര്‍ഷകര്‍ക്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകള്‍ ആക്കും. കാര്‍ഷിക വായ്പകള്‍ക്ക് 60 ദിവസത്തേക്ക് വായ്പയില്ല.

ഗ്രാമങ്ങളിലെ പഴയവീട് പുതുക്കാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ. ചെറുകിട വ്യാപാരികള്‍ക്ക് ക്രെഡിറ്റ് ഗ്രാരണ്ടി നല്‍കും. ചെറുകിട സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി. ചെറുകിട കച്ചവടക്കാര്‍ക്ക് നികുതി ആശ്വാസം.

ഗര്‍ഭിണികള്‍ക്ക് ഇളവ് അനുവദിച്ചു. ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ അനുവദിച്ചു. ഈ തുക ഗര്‍ഭിണികളുടെ ബാങ്ക് അക്കൌണ്ടുകളിലെത്തും. മുതിര്‍ന്ന പൌരന്‍‌മാര്‍ക്ക് ക്ഷേമപദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബാങ്കുകളിലെ പലിശ എട്ട് ശതമാനമാക്കി നല്‍കും. ഏഴരലക്ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണിത്. കാര്‍ഷിക വായ്പകള്‍ക്ക് 20000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :