തെല്‍ഗിക്ക് ഏഴ് വര്‍ഷം കഠിനതടവ്

ബാംഗ്ലൂര്‍| WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (13:35 IST)
ഏറെ വിവാദമായ മുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതികള്‍ക്ക്‌ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കേസിലെ മുഖ്യപ്രതി അബ്ദുള്‍ കരീം തെല്‍ഗിക്ക് ഏഴു വര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ മുന്‍ എസ് പി സംഗ്രാം സിംഗിന് മൂന്ന് വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. എട്ടു പ്രതികളുടെ ശിക്ഷയാണ്‌ സിബിഐ പ്രത്യേക കോടതി ഇന്ന് പുറപ്പെടുവിച്ചത്.

2001 മുതല്‍ തെല്‍ഗി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന കാര്യവും തെല്‍ഗിയും ഭാര്യയും ഗുരുതരമായ രോഗം ബാധിച്ചവരാണെന്ന കാര്യവും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

2005ലാണ്‌ മുദ്രപത്ര കുംഭകോണ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്‌. സിബിഐ അഴിമതിവിരുദ്ധ വിഭാഗം ഗുഡ്ഷെഡ്‌ റോഡിലെ ജനതാ പ്രസില്‍ നിന്ന്‌ 1.51 കോടി രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണു കേസ്‌. വ്യാജ മുദ്രപ്പത്രങ്ങള്‍ നിര്‍മിച്ച് കോടികള്‍ തട്ടിയെടുത്തതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി തെല്‍ഗിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനുപുറമെ, രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സിബിഐ നടത്തിയ തെരച്ചിലില്‍ 25 കോടിയിലധികം രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തിരുന്നു. മഹാരാഷ്ട്രയിലാണ് വ്യാജ മുദ്രപ്പത്രങ്ങള്‍ ആദ്യം കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :