തൂത്തുവാരി ബി ജെ പി, മാളത്തിലൊളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 മെയ് 2014 (14:47 IST)
ഇത് മാറ്റത്തിന്‍റെ തുടക്കമാണെന്നാണ് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. ശരിയാണ് ഇത്രയും ഉജ്ജ്വലമായ ഒരു വിജയം ബി ജെ പി പോലും പ്രതീക്ഷിച്ചിരിക്കില്ല. ഇത്ര ദയനീയമായ തോല്‍‌വി കോണ്‍ഗ്രസും.

സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ 272 എന്ന മാന്ത്രികസംഖ്യയും മറികടന്നാണ് ബി ജെ പി ഒറ്റയ്ക്ക് മുന്നേറ്റം നടത്തിയത്. എന്‍ ഡി എ നേട്ടം 350ലേക്ക് അടുക്കുന്നു. യു പി എ ആകട്ടെ 60നും 70നും ഇടയ്ക്ക് ഇടം കണ്ടെത്തിയിരിക്കുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം കൊയ്യാനായെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ അതിന് കഴിഞ്ഞില്ല. തമിഴ്നാട്ടില്‍ 37 സീറ്റുകള്‍ കൊയ്ത് എ ഐ എ ഡി എം കെ തകര്‍പ്പന്‍ വിജയം നേടി. 2 സീറ്റുകള്‍ ബി ജെ പിക്കും ലഭിച്ചു. കര്‍ണാടകയില്‍ ഏഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 19 സീറ്റുകള്‍ ബി ജെ പിക്ക് ലഭിച്ചു.

ആന്ധ്രപ്രദേശീല്‍ ടി ഡി പി 17 സീറ്റുകളില്‍ വിജയം കണ്ടു. 12 സീറ്റുകളില്‍ ടി ആര്‍ എസും, ബി ജെ പി രണ്ട് സീറ്റുകളും നേടി. കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടി.

മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങി. ശിവസേന 18 സീറ്റുകള്‍ നേടി. ബി ജെ പി 25 സീറ്റ് നേടി. എന്‍ സി പിക്ക് നാല് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

ഛത്തീസ്ഗഡില്‍ ബി ജെ പി ഒമ്പതും കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടി. ഒഡിഷയില്‍ ബിജു ജനതാദള്‍ 16 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബി ജെ പിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ ലഭിച്ചു.

മധ്യപ്രദേശില്‍ 26 സീറ്റുകളില്‍ ബി ജെ പിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു. ഗുജറാത്തില്‍ എല്ലാ സീറ്റിലും(26) ബി ജെ പി ജയിച്ചു. രാജസ്ഥാനിലും സമ്പൂര്‍ണവിജയമാണ് (25) ബി ജെ പി നേടിയത്. ഝാര്‍ഖണ്ഡില്‍ 11 സീറ്റുകളില്‍ ബി ജെ പിയും രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 32 സീറ്റുകളില്‍ വിജയിച്ചു. സി പി എമ്മിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബീഹാറില്‍ ബി ജെ പിക്ക് 30 സീറ്റുകള്‍ ലഭിച്ചു. ആര്‍ ജെ ഡിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും ബി ജെ പി നേടി.

ഹരിയാനയില്‍ ഏഴ് സീറ്റുകള്‍ ബി ജെ പി നേടി. കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടി. പഞ്ചാബില്‍ ബി ജെ പിക്ക് 2 സീറ്റുകള്‍ ലഭിച്ചു. ജമ്മു കശ്മീരില്‍ നിന്ന് മൂന്ന് സീറ്റുകള്‍ ബി ജെ പിക്ക് ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :