ഡികെ രവിയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍

ബംഗളൂരു| JOYS JOY| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (10:20 IST)
വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണര്‍ ആയിരുന്ന ഡി കെ രവിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍. ഇക്കാര്യം ഉന്നയിച്ച് കര്‍ണാടകയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

രവിയുടെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യമാണ് രവിയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമുള്ളത്. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ ഇത്രയും കാലമായിട്ടും ഇതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

ഇത് സി ബി ഐക്ക് കൈമാറേണ്ട ഒരു കേസല്ല എന്ന നിലപാട് ആയിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് ബംഗളൂരുവില്‍ ഉയരുന്നത്.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രവിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിധാന്‍ സൗധക്ക് മുന്നില്‍ ഇന്നലെ സമരത്തിനെത്തിയിരുന്നു. സംഭവമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി അനുനയിപ്പിക്കാന്‍ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല. ഡി കെ രവിയുടെ മാതാപിതാക്കളായ ഗൗരമ്മ, കരിയപ്പ, സഹോദരന്‍ രമേഷ്, സഹോദരി ഭാരതി എന്നിവരാണ് ബുധനാഴ്ച വൈകുന്നേരത്തോടെ വിധാന്‍ സൗധക്ക് മുന്നിലെത്തിയത്.

തുംകൂരു കുനിഗലിലെ കര്‍ഷകരായ മുരിയപ്പയും ഗൗരമ്മയും തങ്ങളുടെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :