ജോധ്പൂര്‍ ദുരന്തം സുരക്ഷയില്ലാത്തത് കാരണം

PTI
നവരാത്രി ആഘോഷത്തിന്‍റെ ആദ്യ ദിനത്തില്‍ ജോധ് പൂരിലെ മെഹ്‌റാന്‍ഗഡ് കോട്ടയിലെ ചാമുണ്ട ക്ഷേത്രത്തില്‍ നടന്ന ദുരന്തം മതിയായ സുരക്ഷ ഇല്ലാത്തതു കാരണമെന്ന് വിലയിരുത്തല്‍.

നവരാത്രി പൂജയായതിനാല്‍ രാവിലെ വളരെ നേരത്തെ തന്നെ ക്ഷേത്രം ദര്‍ശനത്തിനായി തുറന്നിരുന്നു. വെറും എട്ട് അടി വീതിയുള്ള പാതയിലൂടെയാണ് ക്ഷേത്രത്തിലേക്ക് കടക്കേണ്ടിയിരുന്നത്. എന്നാല്‍, 5:30 ആയപ്പോഴേക്കും പുരുഷന്‍‌മാരുടെ ക്യൂവില്‍ ചിലര്‍ തിരക്ക് കൂട്ടാന്‍ തുടങ്ങി. ഇത് പാതയോരത്തുള്ള ബാരിക്കേഡ് തകരാന്‍ കാരണമായി.

പിന്നീട് ആളുകള്‍ വീതി കൂടിയ സ്ഥലത്തേക്ക് കുതിച്ചെത്താനുള്ള ശ്രമമായിരുന്നു. കുറച്ച് ആളുകള്‍ 75 മീറ്റര്‍ ഉയരമുള്ള കുന്നില്‍ നിന്ന് തെന്നി വീഴുകയും ചെയ്തതോടെ തിക്കും തിരക്കും നിയന്ത്രണാതീതമാവുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് 80 ശതമാനം ആളുകളും മരിച്ചത്.

ആളുകള്‍ തെന്നി വീണതോടെ ബോംബ് സ്ഫോടനമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചത് അപകടത്തെ അതിദാരുണമാക്കുകയായിരുന്നു. ഇതൊടെ പരിഭ്രാന്തരായ ഭക്തര്‍ പുറത്തേക്ക് തിരിഞ്ഞോടാന്‍ തുടങ്ങിയതോടെ ആളുകള്‍ ചവിട്ടേറ്റ് വീണു.

സംഭവ സമയത്ത് ക്ഷേത്ര ദര്‍ശനത്തിനായി 10000 പേര്‍ എത്തിയിയിരുന്നു എന്നാണ് കണക്കുകള്‍. 150 പേര്‍ മരിച്ചു എന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, 197 പേരെങ്കിലും മരിച്ചു എന്നാണ് അനൌദ്യോഗിക കണക്കുകള്‍. 300ല്‍ അധികം ആളുകള്‍ക്ക് പരുക്ക് പറ്റി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മരിച്ചവരില്‍ കൂടുതലും പുരുഷന്‍‌മാരാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതെന്ന് കരുതുന്ന ചാമുണ്ട ക്ഷേത്രം ജോധ്പൂര്‍ രാജാവായിരുന്ന ഗജ്സിംഗിന്‍റെ അധീനതയിലായിരുന്നു. ഇപ്പോലിത് ഒരു സ്വകാര്യ ട്രസ്റ്റാണ് നടത്തുന്നത്.

ഓഗസ്റ്റ് മൂന്നിന് ഹിമാചലിലെ നൈനാദേവിയിലും സമാനമായ അപകടം നടന്നിരുന്നു. ഇവിടെ, തിരക്കില്‍ പെട്ട് 162 പേര്‍ മരിച്ചിരുന്നു.
ജോധ്പൂര്‍| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :