ജയലളിത അന്തരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

Jayalalitha, CM, Paneerselvam, Jaya, TN, ജയലളിത, പനീർസെൽവം, മുഖ്യമന്ത്രി, ജയ, തമിഴ്‌നാട്, ചെന്നൈ
ചെന്നൈ| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (00:19 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജെ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുമാസത്തിലേറെയായി അതെവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ജയലളിത ഏറെ നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിലാണ് മരണത്തിന് കീഴടങ്ങുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജയലളിത അന്തരിച്ചതായി വാർത്തകൾ പരന്നെങ്കിലും ആ വിവരം അപ്പോളോ അധികൃതരും ഡോക്‌ടർമാരും തള്ളിക്കളഞ്ഞതോടെ ജനങ്ങൾക്കും എ ഐ എ ഡി എം കെ പ്രവർത്തകർക്കും പ്രതീക്ഷ വർദ്ധിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച അർദ്ധരാത്രിയോടെ അതിനാടകീയമായി ജയലളിതയുടെ മരണം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

രാത്രി പത്തുമണി വരെയും ജയലളിതയുടെ ആരോഗ്യകാര്യത്തിൽ എന്തെങ്കിലും മഹാത്ഭുതം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ജനത. എന്നാൽ പതിനൊന്നുമണിയോടെ മുഖ്യമന്ത്രിയുടെ താൽക്കാലിക ചുമതലയുള്ള ഒ പനീർസെൽ‌വം എ ഐ എ ഡി എം കെ ആസ്ഥാനത്തേക്ക് പോയി. പ്രതാപ് സി റെഡ്ഡി ഉൾപ്പടെയുള്ള അപ്പോളോ ആശുപത്രി അധികൃതരും ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോയി.

പിന്നീട് അപ്പോളോ ആശുപത്രിയിൽ നിന്ന് ഒരു വാഹനവ്യൂഹത്തിന് പോകാനുള്ള വഴിയൊരുക്കിയ ശേഷം ജയലളിതയുടെ മൃതദേഹവുമായി ആംബുലൻസും അനുബന്ധവാഹനങ്ങളും മുഖ്യമന്ത്രിയുടെ വസതിയായ പോയസ് ഗാർഡനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അണ്ണാ ഡി എം കെയുടെ മുതിർന്ന നേതാക്കളെല്ലാവരും തന്നെ അതിനുമുമ്പ് പോയസ് ഗാർഡനിലേക്ക് പോകുകയായിരുന്നു.

പ്രതാപ് സി റെഡ്ഡിയും നാല് വിദഗ്‌ധ ഡോക്‌ടർമാരും മടങ്ങിയതിന് ശേഷമാണ് അപ്പോളോ ആശുപത്രിയിൽ നിന്ന് പോയസ് ഗാർഡൻ വരെ ഒരു വാഹനവ്യൂഹം കടന്നുപോകാനുള്ള വഴിയുണ്ടാക്കിയത്. അവസാനനിമിഷം വരെ പുറംലോകമറിയാത്ത വിധത്തിൽ അതീവരഹസ്യമായാണ് എല്ലാ കാര്യങ്ങളും പൊലീസും ആശുപത്രി നേതൃത്വവും സർക്കാരും ചെയ്തത്. ജയലളിതയെ അവസാന കാലത്ത് അതിവിദഗ്ധമായ എല്ലാ ചികിത്സയും നൽകിയ അപ്പോളോ ആശുപത്രിക്ക് ഒരു കുഴപ്പവും വരാത്ത രീതിയിലാണ് ജയലളിതയുടെ മൃതദേഹം പോയസ് ഗാർഡനിലേക്ക് മാറ്റിയത്. ജയലളിതയുടെ ആരോഗ്യനില വൈകുന്നേരം വഷളായതോടെ അപ്പോളോ ആശുപത്രിക്ക് നേരേ കല്ലേറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വൻ സുരക്ഷാസന്നാഹമൊരുക്കിയതിന് ശേഷമാണ് ജയലളിതയുടെ മൃതദേഹം പോയസ് ഗാർഡനിലേക്ക് കൊണ്ടുപോയത്.

അതേസമയം അടുത്ത മുഖ്യമന്ത്രിയായി ഒ പനീർസെൽവത്തെ എം എൽ എമാർ തെരഞ്ഞെടുത്തു. പനീർസെൽവം പാർട്ടി നേതൃത്വവുമായും ഗവർണറുമായും ചർച്ച നടത്തിയതിന് ശേഷം പോയസ് ഗാർഡനിലേക്ക് പോയി. അതിന് ശേഷമാണ് പോയസ് ഗാർഡനിലേക്ക് ജയലളിതയുടെ മൃതദേഹമെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :