ഛദ്ദയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുത്തു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഛദ്ദ സഹോദരന്‍മാരുടെ കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന തോക്ക് അറസ്റ്റിലായ ഉത്തരാഖണ്ഡ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സുഖ്‌ദേവ്‌സിംഗ് നാംധാരിയുടെ വസതിയില്‍ നിന്നും കണ്ടെടുത്തു. ഡല്‍ഹി പോലീസ് സംഘം ഞായറാഴ്ച പുലര്‍ച്ചെ ഉത്തരാഖണ്ഡിലെ ബാജ്പുര്‍ നഗരത്തിലെ നാംധാരിയുടെ വസതിയില്‍ നടത്തിയ തിരച്ചിലിലാണ് തോക്ക് കണ്ടെത്തിയത്.

മദ്യരാജാവ് പോണ്ടി ഛദ്ദയുടെയും സഹോദരന്‍ ഹര്‍ദീപ് ഛദ്ദയുടെയും കൊലപാതകത്തില്‍ കലാശിച്ച ഏറ്റുമുട്ടല്‍ നടന്നത് കഴിഞ്ഞ 17നാണ്. കഴിഞ്ഞദിവസമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ബാജ്പുരിലെ വീട്ടില്‍നിന്ന് നാംധാരിയെ കസ്റ്റഡിയിലെടുത്തത്.

സഹോദരന്‍മാര്‍ തമ്മില്‍ വെടിവെപ്പുണ്ടായപ്പോള്‍ നാംധാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സച്ചിന്‍ത്യാഗി, ഹര്‍ദീപിന് നേരെ വെടിവച്ചുവെന്നാണ് കഴിഞ്ഞദിവസംവരെ പോലീസും പറഞ്ഞിരുന്നത്. ഹര്‍ദീപ് വെടിവെച്ചപ്പോള്‍ നാംധാരിയെ രക്ഷിക്കാന്‍ തിരിച്ചുവെടിവെച്ചൂവെന്ന് ത്യാഗി സമ്മതിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന നാംധാരിതന്നെയാണ് വെടിവെച്ചതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് സന്ദീപ് ഗാര്‍ഗ് നാംധാരിയെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വില്‍പ്പനയ്ക്കുവെച്ച ഛത്തര്‍പുരിലെ ഫാംഹൗസ് ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രധാന ഗൂഢാലോചന നടത്തിയത് നാംധാരിയാണെന്നാണ് കരുതുന്നത്. വെടിവെപ്പിനുശേഷം ഒര് തോക്ക് കാണാതായിട്ടുണ്ടെന്ന് നേരത്തേ പോലീസിന് സംശയമുണ്ടായിരുന്നു. ഫാംഹൗസ് സ്വന്തമാക്കാന്‍ പോണ്ടി ഛദ്ദയുടെ മുന്നില്‍ നിന്നയാളാണ് നാംധാരി. സംഭവ സമയത്ത് നാംധാരിയുടെ കൂടെയുണ്ടാവുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :