ഗുജ്ജാര്‍ : മരണസംഖ്യ ഉയര്‍ന്നു

ജയ്പുര്‍ | WEBDUNIA|


രാജസ്ഥാനിലെ ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭങ്ങളില്‍ 16 പേര്‍ മരിച്ചു. പട്ടിക വര്‍ഗ പദവി ലഭിക്കണമെന്ന ആവശ്യവുമായാണ് ഗുജ്ജാര്‍ സമുദായക്കാര്‍ പ്രക്ഷോഭം നടത്തുന്നത്.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന വിവിധ അക്രമ സംഭവങ്ങളിലും പൊലീസ് വെടിവയ്പിലുമായി 16 പേരാണ് മരിച്ചത്. ബുധനാഴ്ച പ്രക്ഷോഭകാരികള്‍ രണ്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് തീവച്ചിരുന്നു. പൊലീസ് പിന്നീട് അക്രമികളെ വിരട്ടിയോടിച്ചു.

അതേ സമയം ഭരത്പൂര്‍ ജില്ലയിലെ ബയാനയില്‍ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഇവിടെ ബന്ധായിരുന്നു.

ദൗസ ജില്ലയിലെ ധുബി, സിക്കന്ദ്ര പൊലീസ് സ്റ്റേഷനുകളിലാണ് ആക്രമണം നടന്നത്. നിരവധി വാഹനങ്ങളും അഗ്നിക്കിരയായി.

ഹൈവേ ഉപരോധവും തുടരുകയാണ്. ദൗസയിലെ റയില്‍വേ ട്രാക്കും അക്രമികള്‍ തകര്‍ത്തു. നിരവധി തീവണ്ടികള്‍ ഇതിനാല്‍ റദ്ദാക്കേണ്ടിവന്നു.

പ്രക്ഷോഭം നിര്‍ത്തി ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് ഗുജ്ജാര്‍ നേതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഇവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്ന് കരുതുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :