കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഹൈദരാബാദ്| WEBDUNIA|
PTI
ധനകാര്യമന്ത്രി പി ചിദംബരത്തിനും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കുമെതിരെ ആന്ധ്രാപ്രദേശ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിലാണ് എല്‍ ബി നഗര്‍ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരം കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രംഗ റെഡ്ഡി ജില്ലകോടതിയുടെ ഉത്തരവു പ്രകാരമാണ് കേസ്.

തെലങ്കാന ജൂനിയര്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ അംഗം നരേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരെ എഫ്ഐആര്‍ തയാറാക്കാന്‍ ജനുവരി 28-ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

തെലങ്കാന വിഷയത്തില്‍ ചിദംബരവും ഷിന്‍ഡെയും തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നല്‍കിയെന്നും അതുവഴി ജനങ്ങളെ വഞ്ചിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഇ

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28-ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ , ഒരു മാസത്തിനകം തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് ഷിന്‍ഡെ പറഞ്ഞിരുന്നു.

ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം 2009 ഡിസംബര്‍ 9-ന് തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും പറഞ്ഞിരുന്നു. ഈ രണ്ട് വാഗ്ദനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നു കാണിച്ചാണ് പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :