കസ്തൂരിരംഗന്‍: ആശങ്ക ഉടന്‍ അകലില്ല, എല്ലാം അംഗീകരിക്കില്ലെന്ന് മൊയ്‌ലി

ന്യൂഡല്‍ഹി| WEBDUNIA|
PTI
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പൂര്‍ണ പരിഹാരം ഈ സര്‍ക്കാരിന്‍റെ കാലത്ത് ഉണ്ടാകില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി. കേരളത്തിന്റെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ പ്രയാസമാണെന്നും പരമാവധി കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൌരവമുള്ള വിഷയമായതിനാല്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കി. രണ്ടുദിവസങ്ങള്‍ക്കകം പരിഹാരമുണ്ടാക്കാമെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം നല്‍കിയത് യാഥാ‍ര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ്. പരിസ്ഥിതിലോലമേഖലയുടെ പുനര്‍നിര്‍ണയം, ജീവനോപാധി എന്നിവയാണ് മുഖ്യ പ്രശ്നങ്ങള്‍. ഇവ രണ്ടും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കും. എന്നാല്‍ രണ്ടാം യു പി എ സര്‍ക്കാരിന്‍റെ കാലത്ത് ഈ പ്രശ്നം പരിഹരിക്കാനാവില്ല - വീരപ്പ മൊയ്‌ലി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് അനുകൂലമായ തീരുമാനമാവും ഉണ്ടാകുകയെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ പരിഹാരം ഉണ്ടാകാതെ വേറെ വഴിയില്ലെന്നും അതൊരു കത്തുന്ന വിഷയമാണെന്നും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.

പരിസ്ഥിതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ലഭിച്ചാല്‍ തനിക്കായിരിക്കും ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നതെന്ന് ഇടുക്കി എം‌പി പി ടി തോമസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :