ഒമ്പതുമാസം കൊണ്ട് എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റാന്‍ പറ്റില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| Joys Joy| Last Updated: വെള്ളി, 27 ഫെബ്രുവരി 2015 (16:11 IST)
അധികാരത്തിലെത്തി ഒമ്പതുമാസം കൊണ്ട് എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റാന്‍ പറ്റില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്

പഴയ പദ്ധതികള്‍ അതുപോലെ തന്നെ പേരു മാറ്റി നടപ്പാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ ഇത് തങ്ങളുടെ പദ്ധതികളാണെന്നും പേരു മാറ്റി നടത്തുകയാണെന്ന വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. ഇത് വിമര്‍ശിക്കേണ്ട കാര്യമില്ലെന്നാണ് കരുതുന്നതെന്നും പഴയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്കീമുകളുടെ പേര് അല്ല പ്രശ്നമെന്നും പ്രശ്നങ്ങളുടെ പരിഹാരവും രാജ്യത്തിന്റെ വികസനവുമാണ് യഥാര്‍ത്ഥ പ്രശ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും മോഡി ഓര്‍മ്മിപ്പിച്ചു.

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ കര്‍ഷകവിരുദ്ധ സമീപനം വ്യക്തമാക്കിയാല്‍ തിരുത്താന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ പേരില്‍ ഭൂമിയേറ്റെടുക്കലിനെ എതിര്‍ക്കരുത്. ബില്ല് കര്‍ഷകര്‍ക്ക് വേണ്ടി കൂടിയാണ്. സമരത്തിന്റെ പേരില്‍ ആരെയും
നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ മഹത്തായ രാജ്യമാണ്. ഇന്ത്യയെ മഹത്തായ രാജ്യമാക്കിയത് ഇവിടുത്തെ ജനങ്ങളാണെന്നും സര്‍ക്കാരുകള്‍ വരികയും പോകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു മാസം കൊണ്ട് വാഗ്‌ദാനം നല്കിയ എല്ലാ കാര്യങ്ങളും ചെയ്തു കൊള്ളാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും എന്നാല്‍, രാജ്യം അത് ആവശ്യത്തിന് ചര്‍ച്ച ചെയ്യുന്നില്ലെന്നും മോഡി പറഞ്ഞു.

അഴിമതിക്കെതിരെ നാം എല്ലാവരും ഒരുമിച്ച് കൈകോര്‍ക്കുകയാണെങ്കില്‍ ഈ രാജ്യത്തെ അഴിമതി വിമുക്ത രാജ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ച് കുറച്ചെങ്കിലും കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ സാധിച്ചത് ഈ സര്‍ക്കാരിന് ചെയ്യാന്‍ പറ്റിയ ഒരു വലിയ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :