ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു

ഗുഡ്ഗാവ്‌| WEBDUNIA|
PTI
മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു. ഗുഡ്‌ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. മെഡിസിറ്റി മേതാന്തയില്‍ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായിരുന്ന ഗുജ്‌റാളിന്‍റെ ഭരണകാലഘട്ടം 1997 ഏപ്രില്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെയായിരുന്നു.

ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍ എന്ന ഐ കെ ഗുജ്‌റാള്‍ 1919 ഡിസംബര്‍ നാലിന് പാകിസ്ഥാനിലെ ഛലം എന്ന പട്ടണത്തിലാണ് ജനിച്ചത്. ക്വിറ്റ് സമരത്തിന്‍റെ ഭാഗമായി 1942ല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് വിവിധ സര്‍ക്കാരുകളില്‍ പല പദവികള്‍ ഗുജ്‌റാള്‍ അലങ്കരിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വിവര പ്രക്ഷേപണ മന്ത്രിയായിരുന്നു.

പാര്‍ലമെന്‍ററികാര്യം, വാര്‍ത്താവിനിമയം, വിവര പ്രക്ഷേപണം, പൊതുമരാമത്ത്, ഭവനനിര്‍മ്മാണം, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിസ്ഥാനത്ത് എത്തിയ ഗുജ്‌റാള്‍ റഷ്യയില്‍ ഇന്ത്യയുടെ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചു.

1996ല്‍ എച്ച് ഡി ദേവഗൌഡയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി അധികാരത്തിലെത്തി. എന്നാല്‍, പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസും മൂന്നാം മുന്നണിയും തമ്മില്‍ പാതിവഴിയില്‍ തെറ്റി. തുടര്‍ന്ന് സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍‌വലിക്കുമെന്ന സ്ഥിതിയുണ്ടായി. ഒരു ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഐ കെ ഗുജ്‌രാളിനെ പ്രധാനമന്ത്രിയാക്കുന്നതിനെ കോണ്‍ഗ്രസ് അംഗീകരിച്ചു. അങ്ങനെ 1997 ഏപ്രില്‍ 21ന് ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ കവിതകളെഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഗുജ്‌റാളിന്‍റെ പത്നി ഷീല ഗുജ്‌റാള്‍ 2011 ജൂലൈ 11ന് അന്തരിച്ചിരുന്നു. മൂത്തമകന്‍ നരേഷ് ഗുജ്‌റാള്‍ രാജ്യസഭാംഗമാണ്. വിശാല്‍ ഗുജ്‌റാളാണ് ഇളയ പുത്രന്‍.

‘മാറ്റേഴ്സ് ഓഫ് ഡിസ്ക്രെഷന്‍: ആന്‍ ഓട്ടോബയോഗ്രഫി’ എന്ന ആത്മകഥയും ഗുജ്‌റാളിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :