എം‌പി ശമ്പള വര്‍ദ്ധന ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 27 ഓഗസ്റ്റ് 2010 (20:16 IST)
എം‌പിമാരുടെ ശമ്പളം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന ബില്ല് ലോക്സഭയില്‍ പാസാക്കി. ശമ്പള വര്‍ദ്ധനയ്ക്കെതിരെ മാധ്യമ വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഒരു സ്വതന്ത്ര കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബില്ലില്‍ മാറ്റം വരുത്തണമെന്ന് ഒരു വിഭാഗം എം‌പിമാര്‍ ആവശ്യപ്പെട്ടു എങ്കിലും ബില്ല് സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു.

എം‌പിമാരുടെ ശമ്പളം അവര്‍ തന്നെ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശമ്പള നിര്‍ണയത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന് എല്‍ കെ അദ്വാനി സഭയില്‍ പറഞ്ഞു. ഇതിനെ ജനതാദള്‍ (യു) വും അനുകൂലിച്ചു.

പാസാക്കിയ ബില്ല് അനുസരിച്ച് എം‌പിമാരുടെ ശമ്പളം 16,000ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തും. സിറ്റിംഗ് ഫീസ് ആവട്ടെ 1000 ല്‍ നിന്ന് 2000 ആയി വര്‍ദ്ധിപ്പിക്കും. 20,000 രൂപ വീതമായിരുന്ന മണ്ഡല അലവന്‍സും ഓഫീസ് അലവന്‍സും 45,000 രൂപയാക്കി ഉയര്‍ത്താനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.

എം‌പിമാര്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പലിശയില്ലാ വായ്പ പരിധി ഒരു ലക്ഷത്തില്‍ നിന്നു നാലുലക്ഷമായും യാത്രാബത്ത കിലോമീറ്ററിന് 13 രൂപയില്‍ നിന്നു 16 രൂപയായി കൂട്ടുകയും ചെയ്തിട്ടുണ്ട്. പുതിയ ബില്ല് അനുസരിച്ച് എം‌പിമാരുടെ കണ്‍‌വെയന്‍സ് അലവന്‍സ് ഒരു ലക്ഷം രൂപയില്‍ നിന്ന് 4 ലക്ഷം രൂപയാക്കി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.

എംപിമാരുടെ പെന്‍ഷന്‍ 8,000 രൂപയില്‍ നിന്ന് 20,000 രൂപയാക്കി ഉയര്‍ത്താനും പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യയ്ക്കോ ഭര്‍ത്താവിനോ സ്വദേശത്ത് നിന്ന് ഡല്‍ഹിയില്‍ എത്താന്‍ സൌജന്യ തീവണ്ടി യാത്രയ്ക്ക് പുറമെ വര്‍ഷത്തില്‍ എട്ട് വിമാന ടിക്കറ്റുകള്‍ സൌജന്യമായി നല്‍കാനും ഇന്ന് പാസാക്കിയ ബില്ലില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :