ഉറി സംഭവം ഇന്ത്യ ഒരിക്കലും മറക്കില്ല, പൊറുക്കില്ല; പാകിസ്ഥാന് വ്യക്തമായ മറുപടിയുമായി മോദി

ഞങ്ങളുടെ 18 ജവാന്‍‌മാരുടെ ജീവത്യാഗം വ്യര്‍ത്ഥമാകില്ല - പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

Narendra Modi, Pakistan, India, Uri, Kashmir, Kozhikkode, War, Amit Shah, BJP, പാകിസ്ഥാന്‍, ഇന്ത്യ, ഉറി, കശ്മീര്‍, യുദ്ധം, കോഴിക്കോട്, ബി ജെ പി, അമിത് ഷാ, നരേന്ദ്ര മോദി
കോഴിക്കോട്| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (19:33 IST)
ഉറി ഭീകരാക്രമണം ഒരിക്കലും മറക്കില്ലെന്നും അതില്‍ പാകിസ്ഥാനോട് പൊറുക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരത കയറ്റി അയക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഏഷ്യയിലെ എല്ലാ രാജ്യങ്ങള്‍ക്കും പാകിസ്ഥാന്‍ ഭീഷണിയാണെന്നും മോദി പറഞ്ഞു. കോഴിക്കോട് ബി ജെ പി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാക്കാന്‍ എല്ലാ ഏഷ്യാന്‍ രാജ്യങ്ങളും ശ്രമിക്കുമ്പോള്‍ പാകിസ്ഥാന്‍ മാത്രം അതില്‍ നിന്നും മാറി നില്‍ക്കുകയാണ്. അവര്‍ അശാന്തി വിതയ്ക്കാന്‍ ശ്രമിക്കുന്നു. രക്തപ്പുഴ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഭീകരവാദത്തിന്‍റെ സന്ദേശം പടര്‍ത്താന്‍ ശ്രമിക്കുന്നു. പുരോഗതി തടയാന്‍ ശ്രമിക്കുന്നു. ഏഷ്യയിലെ എല്ലാ ഭാഗത്തും ഭീകരവാദം വിതയ്ക്കുന്ന രാജ്യമായി പാകിസ്ഥാന്‍ മാറി.

ഒരു ഭീകരവാദത്തിനുമുന്നിലും ഭാരതം മുട്ടുമടക്കില്ല. ഭീകരവാദം മാനവികതയുടെ ശത്രുവാണ്. ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ആശങ്കയുടെ, അസ്വസ്ഥതയുടെ സാഹചര്യമുണ്ട്. ജമ്മുകാശ്മീരിലെ ഉറിയില്‍ പാകിസ്ഥാന്‍റെ പിന്തുണയോടെയെത്തിയ ഭീകരര്‍ 18 സൈനികരെയാണ് കൊലപ്പെടുത്തിയത്. ഒരു കാരണവശാലും ഭാരതം ഇത് മറക്കില്ല. ഭാരതം അതിന്‍റേതായ രീതിയില്‍ മറുപടി നല്‍കാന്‍ തയ്യാറായിരിക്കും. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടയില്‍ 17 തവണ അതിര്‍ത്തി ഭേദിക്കാനുള്ള ശ്രമങ്ങള്‍ ഈ ഭീകരവാദികളുടെ ഭാഗത്തുനിന്നുണ്ടായി. നമ്മള്‍ ആ പരിശ്രമത്തെ സമര്‍ത്ഥമായി നേരിട്ടു. അതില്‍ 110 ഭീകരവാദികളെ നമ്മള്‍ വധിച്ചു. ഈ 17 സംഭവങ്ങളില്‍ ഈ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള പരിശ്രമം ഇന്ത്യന്‍ സൈന്യം നടത്തി. ആ സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ 125 കോടി ജനങ്ങള്‍ക്ക് അഭിമാനം നല്‍കുന്നതാണ്. അവരുടെ പ്രവര്‍ത്തിയില്‍ നമ്മള്‍ അഭിമാനവും നന്ദിയുമുള്ളവരാണ്. പാകിസ്ഥാന്‍ സഹായത്തോടെ ഭീകരര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ 18 ജവന്‍‌മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 17 ശ്രമങ്ങളില്‍ ഓരോന്നിലും ഇതുപോലെ സംഭവിച്ചിരുന്നെങ്കില്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. അപ്പോഴാണ് നമ്മുടെ സേന നടത്തുന്ന ചെറുത്തുനില്‍പ്പിന്‍റെ മഹത്വം മനസിലാക്കുന്നത് - പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്ഥാനിലെ ചില നേതാക്കള്‍ പറയുമായിരുന്നു അവര്‍ 1000 വര്‍ഷം യുദ്ധം ചെയ്യാന്‍ തയ്യാറാണ്. ഇപ്പോള്‍ അവരുടെ മനോവീര്യം എവിടെപ്പോയി? അത് ഇന്ന് കാലത്തിന്‍റെ ചവറ്റുകുട്ടയിലാണ്.

ഭീകരവാദികളുടെ പ്രസംഗം വായിക്കുന്ന പാക് നേതാക്കളെക്കുറിച്ച് ലോകത്തിനറിയാം. അങ്ങനെയുള്ളവരോട് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ അവിടത്തെ ജനങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുകയാണ്. 1947ന് മുമ്പ് വിഭജനമില്ലാതെ ഒരുമിച്ച് നിന്നിരുന്ന ഈ നാടിനെ പ്രണമിച്ചുകൊണ്ടാണ് നിങ്ങളുടെ പൂര്‍വികര്‍ നിന്നിരുന്നത്. ആ പാരമ്പര്യമുള്ള അവിടത്തെ ജനതയോട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പാക് ജനതയെ വിഡ്ഢികളാക്കാനാണ് അവിടത്തെ നേതാക്കള്‍ ശ്രമിക്കുന്നത്. അവരുടെ കൈവശമുള്ള പ്രദേശങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവരുടെ നേതാക്കള്‍ കശ്മീരിന്‍റെ കാര്യം പറഞ്ഞ് കണ്ണില്‍ പൊടിയിടുകയാണ്. പാകിസ്ഥാനിലെ ജനങ്ങള്‍ നേതാക്കളോട് ചോദിക്കണം. രണ്ട് രാജ്യങ്ങളും ഒരേ സമയത്ത് സ്വാതന്ത്ര്യം നേടിയതാണ്. എന്തുകൊണ്ട് ഇന്ത്യ ഐ ടി മേഖലയില്‍ കയറ്റുമതി നടത്തുന്നു, പാകിസ്ഥാന്‍ ഭീകരവാദം കയറ്റുമതി നടത്തുന്നു എന്ന്.

രണ്ടുരാജ്യത്തെയും ദാരിദ്ര്യം ഒഴിവാക്കാനും തൊഴിലില്ലായ്മ ഇല്ലാതാക്കാനും വിദ്യാഭാസത്തിലെ പോരായ്മ പരിഹരിക്കാനും നവജാത ശിശുക്കളുടെ മരണം ഇല്ലാതാക്കാനും പ്രസവശേഷമുള്ള അമ്മമാരുടെ മരണം ഒഴിവാക്കാനുമുള്ള പോരാട്ടങ്ങള്‍ക്ക് ഒരുമിച്ച് ശ്രമിക്കാമെന്ന് പാക് ജനതയോട് ഞാന്‍ പറയുന്നു. ആറ്‌ മുന്നിലെത്തുമെന്ന് നോക്കാം. പാകിസ്ഥാനിലെ നേതൃത്വം ഒരുകാര്യം മനസിലാക്കണം. ഞങ്ങളുടെ 18 ജവാന്മാരുടെ ജീവത്യാഗം വ്യര്‍ത്ഥമാകില്ല. പാകിസ്ഥാന്‍റെ ഭീകരമുഖം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തും - പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :