ഉചിതമായ നടപടിയെടുത്തെന്ന് സത്യവാങ്ങ്‌മൂലം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 20 നവം‌ബര്‍ 2010 (13:29 IST)
2ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചു. സുബ്രമഹ്ണ്യന്‍ സ്വാമിയുടെ കത്തില്‍ ഉചിതമായ നടപടിയെടുത്തു എന്നാണ് സത്യവാങ്ങ്‌മൂലം നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ കെ വിദ്യാവതിയാണ് സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു വിധത്തിലുള്ള നിഷ്ക്രിയ സമീപനവും ഉണ്ടായിട്ടില്ല. സുബ്രമഹ്ണ്യന്‍ സ്വാമി അയച്ച എല്ലാ കത്തുകള്‍ക്കും അര്‍ഹമായ ഗൌരവം നല്‍കിയിട്ടുണ്ട് എന്നും 11 താളുകള്‍ നീളുന്ന സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.

2008 നവംബര്‍ 29 മുതല്‍ 2010 ഒക്ടോബര്‍ വരെ സുബ്രമഹ്ണ്യന്‍ സ്വാമി അയച്ച എല്ലാ കത്തുകളും നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി പ്രധാനമന്ത്രിയുടെ ഓഫീസ് പരിഗണിച്ചിരുന്നു എന്നും സത്യവാങ്ങ്‌മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ജി വാഹന്‍‌വതിയായിരിക്കും ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ ഹാജരാവുക. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമഹ്‌ണ്യമായിരുന്നു ഇതുവരെ ഹാജരായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :