ഇതാ ഛോട്ടാരാജന്‍റെ പിന്‍ഗാമി, അബു സാവന്ത്!

Chhotta Rajan, Abu Sawant, Dawood, Abu Salem, Mumbai, ഛോട്ടാ രാജന്‍, അബു സാവന്ത്, ദാവൂദ്, അബു സലിം, മുംബൈ
ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (20:36 IST)
സന്തോഷ് എന്നാണ് വിളിപ്പേര്. പാവത്താനായ ഒരു മനുഷ്യനെന്ന് പേരുകേട്ടാല്‍ തോന്നാം. എന്നാല്‍ ഈ സന്തോഷിന് മറ്റൊരു പേരുകൂടിയുണ്ട്. അബു സാവന്ത് - അധോലോകരാജാക്കന്‍‌മാര്‍ പോലും ഇപ്പോള്‍ ഞെട്ടിവിറയ്ക്കും ഈ പേരുകേട്ടാല്‍. അതേ, ഛോട്ടാരാജന്‍ അറസ്റ്റിലായതോടെ രാജന്‍റെ മാഫിയാ സംഘത്തെ ഇനി അബു സാവന്തായിരിക്കും നയിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍.
 
ഛോട്ടാരാജന്‍റെ ഓസ്ട്രേലിയയിലെയും ഇന്തോനേഷ്യയിലെയും പ്രവര്‍ത്തനങ്ങളുടെ ചുമതലയായിരുന്നു ഇത്രയും കാലം അബു സാവന്ത് എന്ന ഈ 46കാരന്. ചെമ്പൂര്‍ സ്വദേശിയായ അബു സാവന്ത് 90കളില്‍ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉസ്താദായിരുന്നു. പിന്നീട് ഛോട്ടാരാജനൊപ്പം കൂടിയ അബു ആദ്യം മലേഷ്യയിലേക്കും പിന്നീട് ഇന്തോനേഷ്യയിലേക്കും തന്‍റെ കളം മാറ്റി. ഛോട്ടാരാജന്‍റെ സാമ്പത്തിക ഇടപാടുകളെല്ലാം അബു സാവന്ത് വഴിയാണ് നടന്നിരുന്നത്.
 
ശത്രുക്കളുടെ രണ്ട് ആക്രമണങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചരിത്രമുണ്ട് അബു സാവന്തിന്. ആദ്യം വിജയ് ഷെട്ടിയും പിന്നീട് ഡി കമ്പനിയുമാണ് അബു സാവന്തിന് നേരെ ചൂണ്ടയെറിഞ്ഞത്. എന്നാല്‍ അസാധാരണ മെയ്‌വഴക്കത്തോടെ അബു ആ ആക്രമണങ്ങളെ മറികടന്നു.
 
ഒന്നുകില്‍ ഛോട്ടാരാജനെ കൊല്ലുക അല്ലെങ്കില്‍ വലം‌കൈയായ അബു സാവന്തിനെ ഇല്ലാതാക്കുക എന്നതായിരുന്നു എക്കാലവും ഡി കമ്പനിയുടെ ലക്‍ഷ്യം. കാരണം, രാജന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിനാമി സ്വത്തുക്കളെക്കുറിച്ചും വിവരമുള്ള ഏക വ്യക്തി അബു സാവന്ത് ആണ്. അബുവിനെ കൊലപ്പെടുത്തിയാല്‍ അത് ഛോട്ടാരാജന്‍റെ കണ്ണുകെട്ടിയതുപോലെയാകുമെന്നാണ് ദാവൂദിന്‍റെ കുട്ടികള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അബു സാവന്ത് ആക്രമണങ്ങളെ അതിജീവിച്ചു.
 
അബു സാവന്തിനെ കൂടാതെ ഡി കെ റാവു, വിക്കി മല്‍‌ഹോത്ര എന്നിവരും ഛോട്ടാ രാജന്‍ ടീമിലെ നിര്‍ണായക ശക്തികളാണ്. മുംബൈയിലെ ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് ഡി കെ റാവുവാണ്.
 
ഛോട്ടാരാജനൊപ്പം എപ്പോഴും നിഴല്‍‌പോലെ ഉണ്ടാവുന്ന ആളാണ് അബു സാവന്ത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജന്‍ അറസ്റ്റിലാകുമ്പോള്‍ ഒപ്പം അബു സാവന്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ അറസ്റ്റ് ഛോട്ടാ രാജന്‍ തിരക്കഥയെഴുതിയ ഒരു നാടകമാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഇന്ത്യയില്‍ സുരക്ഷിതനായിരിക്കാനുള്ള രാജന്‍റെ പത്തൊമ്പതാമത്തെ അടവാണ് ഈ അറസ്റ്റെന്ന് അവര്‍ വിശ്വസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :