അശ്ലീലസന്ദേശം അയച്ചില്ല, നഷ്ടപരിഹാരത്തിന് കേസ്

ന്യൂയോര്‍ക്ക്‌| WEBDUNIA|
അധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് അറസ്റ്റുചെയ്യപ്പെട്ട പെണ്‍കുട്ടി ന്യൂയോര്‍ക്ക്‌ സിറ്റി ഗവണ്‍മെന്‍റിനെതിരെ കേസ് നല്‍കി. നിരപരാധിയായ തന്നെ അറസ്റ്റു ചെയ്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ദേബാശിഷ് മുഖര്‍ജിയുടെ മകള്‍ കൃതിക ബിശ്വാസ്‌(18) കേസ് നല്‍കിയിരിക്കുന്നത്. 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാ‍ണ് ആവശ്യം.

ക്വീന്‍സ് ജോണ്‍ ബ്രൌണ്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ പരാതിയെ തുടര്‍ന്നാണ് കൃതികയെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയ്ക്ക് കൃതിക അശ്ലീല സന്ദേശം അയച്ചു എന്നായിരുന്നു ആരോപണം. ഒരു ദിവസം കൃതികയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. ആ ദിവസം തനിക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമുള്ള അനുവാദം അധികൃതര്‍ നല്‍കിയില്ലെന്ന് കൃതിക ആരോപിക്കുന്നു.

അറസ്റ്റുവിവരം കൃതികയുടെ പിതാവിനെയോ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയോ അറിയിച്ചിരുന്നില്ല. കൃതികയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ അശ്ലീലസന്ദേശം അയച്ചത് ഒരു ചൈനീസ് വിദ്യാര്‍ത്ഥിയാണെന്ന് പിന്നീട് കണ്ടെത്തിയതോടെ കൃതികയെ വിട്ടയയ്ക്കുകയായിരുന്നു. കൃതികയുടെ സസ്പെന്‍ഷന്‍ സ്കൂള്‍ അധികൃതര്‍ പിന്‍‌വലിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :