അരവിന്ദ് കെജ്‌രിവാളിന്റെ ഐഐടി പ്രവേശം വ്യാജക്വാട്ട വഴി ? വെളിപ്പെടുത്തല്‍ ഉടനെന്ന് സുബഹ്മണ്യം സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയ ആളാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ഖൊരഖ്പൂര്‍ ഐഐടിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ വിദ്യാഭ്യാസ യോഗ്

ന്യുഡല്‍ഹി| priyanka| Last Modified വെള്ളി, 24 ജൂണ്‍ 2016 (17:19 IST)

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയ ആളാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ഖൊരഖ്പൂര്‍ ഐഐടിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് എതിരെയും ആരോപണങ്ങള്‍ ശക്തമാവുന്നു.

കെജ്‌രിവാള്‍ ഐഐടി പ്രവേശനം നേടിയത് വ്യാജ ക്വാട്ടയിലൂടെയാണെന്ന് ഒരു വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും തെളിവും ഉടന്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി കൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തിയത്.

'ദിലോട്ട്‌പോട്ട് ഡോട്ട് കോം' എന്ന് വെബ്‌സൈറ്റാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഐഐടി പ്രവേശത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. റാങ്ക് കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം ലഭിക്കുന്ന ഐഐടിയില്‍ കെജ്‌രിവാളിന്റെ റാങ്ക് കാര്‍ഡ് ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലൂടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ഐഐടി ജീവനക്കാരുടെയും അധ്യാപകരുടെയും മക്കളും ബന്ധുക്കളും അനധികൃതമായി പ്രവേശനം നേടുന്നത് സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ടൈം പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടും വെബ്‌സൈറ്റ് വാര്‍ത്തയ്‌ക്കൊപ്പം സൂചിപ്പിച്ചിട്ടുണ്ട്. റാങ്ക് കാര്‍ഡ് നഷ്‌ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ സീറ്റിലേക്കാണ് അനധികൃതമായി മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നതെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2005ഓടെ ക്വാട്ട സമ്പ്രദായം ഐഐടി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രവേശനം നേടിയത് 1985ലാണ്.

വെബ്‌സൈറ്റിന്റെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കെജ്‌രിവാളിന്റെ ഐഐടി പ്രവേശത്തിനെതിരെ രംഗത്തെത്തിയത്. വെബ്‌സൈറ്റിന്റെ കണ്ടെത്തല്‍ ട്വീറ്റ് ചെയ്ത സ്വാമി കെജ്‌രിവാളിന്റെ പ്രവേശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി.

കെജ്‌രിവാളിന്റെ ഐഐടി പ്രവേശത്തിന്റെയും ഓള്‍ ഇന്ത്യാ പ്രവേശന പരീക്ഷയിലും, സംയുക്ത പ്രവേശന പരീക്ഷയിലും അദ്ദേഹത്തിന് ലഭിച്ച റാങ്കുകളുടെ വിവരങ്ങള്‍ വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും ലഭ്യമല്ലെന്നാണ് തനിക്ക് ലഭിച്ച മറുപടിയെന്നും കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വാമി വ്യക്തമാക്കി. ജീവിതത്തില്‍ തട്ടിപ്പ് മാത്രം നടത്തിയ വ്യക്തിയാണ് കെജ്‌രിവാള്‍. ഐഐടിയില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചയാളാണ് താനെന്ന് അവകാശപ്പെട്ടിരുന്ന കെജ്‌രിവാളിന്റെ വിദ്യാഭ്യാസരേഖ ഇപ്പോള്‍ തന്റെ കൈയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ താന്‍ പുറത്തുവിടുമെന്നും സ്വാമി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :