അണ്ണാ ഡി എം കെയില്‍ പൊട്ടിത്തെറി, ജയലളിതയെ ചികിത്സിച്ചതിന്‍റെ എല്ലാ വീഡിയോയും പുറത്തുവിടണം; ശശികലയുടെ സ്ഥാനാരോഹണം ഇപ്പോള്‍ ആവശ്യമില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ !

അണ്ണാ ഡി എം കെയില്‍ വിള്ളല്‍; വീഡിയോ പുറത്തുവിടണമെന്ന് പ്രവര്‍ത്തകര്‍, ശശികലയ്ക്കെതിരെ പോയസ് ഗാര്‍ഡന് മുന്നില്‍ പ്രകടനം

Jayalalithaa, Sasikalaa, Apollo, Gauthami, Paneerselvam, Natarajan, ജയലളിത, അമ്മ, ശശികല, അപ്പോളോ, ഗൌതമി, പനീര്‍ശെല്‍‌വം, നടരാജന്‍
ചെന്നൈ| Last Updated: ശനി, 10 ഡിസം‌ബര്‍ 2016 (18:25 IST)
ആ 75 ദിവസങ്ങളില്‍ എന്താണ് സംഭവിച്ചത്? - ചോദ്യം ജയലളിതയുടെ ആശുപത്രി വാസത്തേക്കുറിച്ചാണ്. എഴുപത്തിയഞ്ച് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് അന്തരിച്ചതായി വാര്‍ത്ത വന്നപ്പോള്‍ തമിഴ്നാടിന് അത് തീര്‍ത്തും അവിശ്വസനീയമായ ഒരു കാര്യമായിരുന്നു. ‘അമ്മ’ ഇത്രവേഗം പോകുമെന്ന് ആരും കരുതിയതല്ല.

ഇപ്പോള്‍ ശശികലയെ എ ഐ എ ഡി എം കെയുടെ നേതൃസ്ഥാനത്തെത്തിക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നീക്കം നടത്തുന്നു. ഭൂരിപക്ഷം നേതാക്കളും ശശികലയ്ക്കൊപ്പമാണെന്നാണ് സൂചന. എന്നാല്‍ ജയലളിതയുടെ മരണത്തിലെ സത്യാവസ്ഥകള്‍ അറിഞ്ഞിട്ടുമാത്രമേ നേതൃത്വത്തിലേക്ക് വരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് ഒരു വിഭാഗം അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ധര്‍മ്മപുരിയിലെ പെണ്ണാകരത്തുനിന്നുള്ള നഗരസഭാ ട്രഷറര്‍ ആയ മതിവാണന്‍ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. ശശികലയെ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയായുമൊക്കെ അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അതിനൊക്കെ മുമ്പ് ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 75 ദിവസത്തെ ചികിത്സാകാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. ഫോട്ടോകളോ മറ്റ് ചികിത്സാ രേഖകളോ ആവശ്യമില്ല. ആ ദിവസങ്ങളിലെ വീഡിയോ ആണ് വേണ്ടതെന്ന് ഈ കുറിപ്പില്‍ മതിവാണന്‍ പറയുന്നു.

അതുമാത്രമല്ല, ജയലളിതയുടെ സ്വത്തുക്കള്‍ ആരുടെ പേരിലാണ് അവര്‍ എഴുതിവച്ചിരിക്കുന്നതെന്നതിന്‍റെ വിശദാംശങ്ങളും ശശികല പുറത്തുവിടണം. ഇത്രയും ചെയ്താല്‍ എ ഐ എ ഡി എം കെയുടെ ഒന്നരക്കോടി പ്രവര്‍ത്തകരും ശശികലയെ പുതിയ അമ്മയായി സ്വീകരിച്ച് അവരുടെ പിന്നില്‍ അണിനിരക്കുമെന്നാണ് മതിവാണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എന്തായാലും മതിവാണന്‍റെ പോസ്റ്റ് വൈറലാവുകയും അണ്ണാ ഡി എം കെയിലെ ഒരു വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശശികലയ്ക്കെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി പോയസ് ഗാര്‍ഡന് മുന്നില്‍ പ്രകടനം നടത്തി.

നടി ഗൌതമി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ സാധാരണക്കാരുടെ സംശയങ്ങളാണെന്നും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടുമതി ശശികലയുടെ സ്ഥാനാരോഹണമെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രകടനക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :