അവളെ വിവാഹം കഴിക്കുമോ? അല്ലെങ്കിൽ ജയിലിലാകും: ബലാത്സംഗക്കേസ് പ്രതിയോട് സുപ്രീംകോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (17:52 IST)
ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച് സുപ്രീം കോടതി. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ജീവനക്കാരനായ മോഹിത് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ചോദ്യം. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് നിങ്ങൾക്ക് കുട്ടിയെ വിവാഹം കഴിക്കാമോ എന്ന കോടതിയുടെ ചോദ്യം. അങ്ങനെയെങ്കിൽ ഞങ്ങൾ സഹായിക്കാം ഇല്ലെങ്കിൽ നിങ്ങൾ ജയിലിലാകും ചീഫ് ജസ്റ്റിസ് പറഞ്ഞു. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുമ്പോൾ താൻ സർക്കാർ ജീവനക്കാരനാണെന്ന് പ്രതി ഓർക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.

പെൺകുട്ടിയെ ആദ്യം വിവാഹം കഴിക്കാൻ തയ്യാറായിരുന്നു എന്നാൽ അവൾ അത് നിരസിക്കുകയായിരുന്നു. ഇപ്പോൾ താൻ വിവാഹിതനാണെന്നും അതിനാൽ വീണ്ടും വിവാഹം ചെയ്യാനാകില്ലെന്നും പ്രതി പറഞ്ഞു. അറസ്റ്റ് ചെയ്‌താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. ഇതിനെ തുടർന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്‌ചത്തേക്ക് കോടതി തടഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :