പൊതുസ്ഥലങ്ങളെ വൈഫൈയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

വൈഫൈ ഇന്റര്‍നെറ്റ്, പൊതു സ്ഥലങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (15:36 IST)
രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ വൈഫൈ അധിഷ്ടിത ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് കൂടുതല്‍ പൊതുസ്ഥലങ്ങള്‍ വൈഫൈയിലാക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ആദ്യ ചുവടുവയ്പ് നടത്തുന്നതിനായി രാജ്യത്തെ 45 നഗരങ്ങളേയും 705 വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ടെലികോം വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ ആദ്യ ഘട്ടമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും.

പൊതു സ്ഥലങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സ്വകാര്യ ടെലികോ സേവന ദാതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സേവന ദാതാക്കള്‍ക്ക് ലൈസന്‍സ് ഫീസോ, മറ്റ് നിരക്കുകളൊ ഈടാക്കാതെ സ്പെക്ട്രം നല്‍കും. 60 ജിഗാ ഹെട്സ് സ്പീടുള്ള സ്പെക്ട്രമാണ് സേവന ദാതാക്കള്‍ക്കായി നല്‍കുക.

ഐഡിയ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റ ടെലിസര്‍വീസ്, എന്നീ കമ്പനികളാണ് വൈഫൈ സ്പെക്ട്രത്തിന് താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്. ഏകദേശം 3035 ലക്ഷം രൂപയുടെ പദ്ധതിയാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാകുക. നിലവില്‍ തെരഞ്ഞെടുത്ത ക്യാമ്പസുകളിലും, വിമാനത്താവളങ്ങളിലും മാത്രമാണ് വൈഫൈ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മാറ്റി വൈഫൈ കൂടുതല്‍ ജനകീയമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

ഇതിനായി തെരഞ്ഞെടുത്ത നഗരങ്ങളിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വൈഫൈക്കായി 10 സ്ഥലങ്ങള്‍ കണ്ടുപിടിച്ച് നല്‍കണം. ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും സേവനം ലഭ്യമാക്കുക. ഒരേ സമയം 500 പേര്‍ക്ക് സെക്കന്റില്‍ 512 കെബി ഡേറ്റ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ളതാകും സംവിധാനം. ഭാവിയില്‍ ഇത് വിപുലീകരിക്കുകയും ചെയ്യാം. സംവിധാനം നിലവില്‍ വരുന്നതോടെ നിലവിലെ 3ജി, 4ജി സംവിധാനങ്ങള്‍ അപ്രസക്തമാകും. കൂടുതല്‍ വേഗതയുള്‍ല ഇന്റെര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ലൈവ് സ്ട്രീമിംഗിലൂടെ സംഗീതവും വീഡിയോകളും ആസ്വദിക്കാന്‍ കഴിയും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :