വ്യാപം കുംഭകോണം: വീണ്ടും ദുരൂഹമരണം

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 5 ജൂലൈ 2015 (12:17 IST)
മധ്യപ്രദേശിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട വ്യാപം കുംഭകോണ കേസില്‍ വീണ്ടും ദുരൂഹമരണം. ജബല്‍പുര്‍ എന്‍ എസ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ അരുണ്‍ ശര്‍മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ പ്രതികളോ സാക്ഷികളോ ആയ 25 പേരാണ് ഇതുവരെ മരിച്ചത്. പ്രതികളോ സാക്ഷികളോ ആയവര്‍ തുടര്‍ച്ചയായി മരിക്കുന്നത് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഡോ അരുണ്‍ ശര്‍മയുടെ മരണം. അഴിമതിക്കേസുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാനല്‍പ്രവര്‍ത്തകന്‍ അക്ഷയ് സിംഗ് ആയിരുന്നു കഴിഞ്ഞദിവസം മരിച്ചത്. അതേസമയം, അക്ഷയ് സിംഗിന്റെ മരണം സ്വഭാവികമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

കേസില്‍ ആരോപണവിധേയയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച നമ്രതയെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായുള്ള അഭിമുഖത്തിനു ശേഷം അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. നമ്രതയെ ഈയടുത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

സംസ്ഥാന പ്രൊഫഷണല്‍ എക്‌സാംബോര്‍ഡ് 2009 മുതല്‍ നടത്തിയ നിയമനപരീക്ഷകളില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്നാണ് കേസ്. നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടെന്ന് ആരോപിച്ച് ഗവര്‍ണര്‍ രാംനരേശ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണസംഘം കേസെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :