മംഗള്‍‌യാന്റെ ഭാവി ഇന്നറിയാം

ബാംഗ്ലൂര്‍| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (09:22 IST)
മംഗള്‍‌യാന്റെ ഭാവി ഇന്നറിയാം. 24ന് പ്രവര്‍ത്തിക്കേണ്ട ലാം(ലിക്വിഡ് അപ്പോജി മോട്ടോര്‍) എഞ്ചിന്‍ പ്രവര്‍ത്തന സജ്ജമാണോയെന്ന് ഇന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ച് നോക്കും. എഞ്ചിന്റെ പ്രവര്‍ത്തനമനുസരിച്ചാകും 24നു വേണ്ട പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രജ്ഞര്‍ ആസൂത്രണം ചെയ്യുക. ചൊവ്വയിലേക്ക് മംഗള്‍‌യാനെ തിരിച്ചുവിടണമെങ്കില്‍ ലാം എഞ്ചിന്‍ പ്രവര്‍ത്തനസജ്ജമാകണം.

നേരത്തെ നല്‍കിയ കമാന്‍ഡുകള്‍ അനുസരിച്ച് പേടകം സ്വയം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ മുതല്‍ പേടകം ചൊവ്വയുടെ ഗുരുത്വ പരിധിയില്‍ എത്തിക്കഴിഞ്ഞു. ഇന്ന് 2.30നാണു പേടകത്തിനുള്ളിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നാല് സെക്കന്റാണ് പരീക്ഷണ ജ്വലനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 നാണ് ലാം എഞ്ചിന്‍ അവസാനമായി പ്രവര്‍ത്തിപ്പിച്ചത്. അഞ്ചാം ഭ്രമണപഥ വികസനത്തിനായിരുന്നു ഇത്. അതിനാല്‍ അതീവശൈത്യം നിറഞ്ഞ ബഹിരാകാശ യാത്രയില്‍ ലാം പ്രവര്‍ത്തനസജ്ജമാണോയെന്നതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തുന്നത്.

ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തെ എല്‍പിഎസ്‌സി സെന്റര്‍ നിര്‍മിച്ചു നല്‍കിയ എഞ്ചിന്‍ എല്‍പിഎസ്‌സിയുടെ മഹേന്ദ്ര ഗിരിയടക്കമുള്ള സെന്ററുകളില്‍ 300 ലധികം ദിവസത്തെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയതാണ്. ലാമിന്റെ ജ്വലനം നടന്നില്ലെങ്കില്‍ പ്ലാന്‍ ബി എന്ന രക്ഷാ പ്രവര്‍ത്തന ദൗത്യത്തെക്കുറിച്ച് ആലോചിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :