പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (12:37 IST)
പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടാനാവില്ലെന്ന് സുപ്രീംകോടതി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ലോക്പാല്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കാലതാമസത്തിനെതിരേ ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനം എന്തു കൊണ്ട് ഒഴിച്ചിടുന്നവെന്നതിന് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍എം ലോധ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാര്‍ലമെന്റിലെ പ്രതിപക്ഷ കക്ഷികളില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലക്ക് ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുള്ള മല്ലികാര്‍ജുന ഖാര്‍ഗെയെ പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനത്ത് നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെങ്കില്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 55 അംഗങ്ങളെങ്കിലും ഉണ്ടാവണമെന്നത് ചൂണ്ടിക്കാട്ടി സ്പീക്കര്‍ സുമിത്ര മഹാജന്‍ കോണ്‍ഗ്രസിന്റെ ആവശ്യം നിരാകരിച്ചു. കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ 44 അംഗങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ ആവശ്യം അംഗീകരിക്കാ‍നാവില്ലെന്നാണ് സ്പീക്കറുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :