ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ എയിംസിലേക്ക് മാറ്റണം; സുപ്രീം കോടതി ഉത്തരവ്

അതേ സമയം പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി നിലവിൽ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ലഖ്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയുടെ അധികൃതർ അറിയിച്ചു.

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:57 IST)
ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. പെൺകുട്ടിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായാണ് എയിംസിലേക്ക് മാറ്റാൻ നിർദേശിച്ചിരിക്കുന്നത്. അതേ സമയം പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി നിലവിൽ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ലഖ്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയുടെ അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ നിർദേശങ്ങളോട് പെൺകുട്ടി പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 30 നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്.

അപകടം ആസൂത്രിതമാണെന്ന ആരോപണമുയർന്നതിനെ തുടർന്ന് വാഹനാപകട കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഘം കഴിഞ്ഞ ദിവസം കുൽദീപ് സെൻഗാറിന്റെ വീട്ടിലടക്കം റെയ്ഡ് നടത്തിയിരുന്നു. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ ഡ്രൈവറെയും ഉടമയെയും സിബിഐ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു റെയ്ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :