വിദ്യാര്‍ഥിയുടെ കവിളില്‍ നുള്ളി; അധ്യാപികയ്ക്ക് 50,000 രൂപ പിഴ!

ചെന്നൈ| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (12:42 IST)
പഠനത്തില്‍ ഉഴപ്പുന്നവരെ ചൂരല്‍ കഷായം കൊണ്ട് അധ്യാപകര്‍ നേര്‍വഴി നടത്തിയിരുന്ന കാലമൊക്കെ പോയിരിക്കുന്നു. ഇപ്പോള്‍ പഠിക്കാതെ വന്ന വിദ്യാര്‍ഥികളെ രൂക്ഷമായി നോക്കിയാലും അഴിയെണ്ണേണ്ടിവരും. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ വിദ്യാര്‍ഥിയെ തല്ലിയതിന്റെ പേരില്‍ ടീച്ചര്‍ക്കെതിരെ പൊലീസ് കേസുണ്ടായത്.

എന്നാല്‍ തമിഴ്നാട്ടില്‍ കാര്യങ്ങള്‍ അല്‍പ്പം കുടി കടന്ന് പോയി. ചെന്നൈയില്‍ വിദ്യാര്‍ഥിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് മദ്രാസ് ഹൈക്കൊടതി അമ്പതിനായിരം രൂപയാണ് പിഴയിട്ടത്. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ മെഹറൂന്നിസയ്ക്കാണ് ഹൈക്കോടതി ഈ പിഴയിട്ടത്.

2012ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കുട്ടിയുടെ കവിളില്‍ നുള്ളിയതിന് അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. 2013ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശം ലംഘിച്ചുവെന്ന് കാണിച്ച് സ്‌കൂളിന് ആയിരം രൂപ പിഴയിട്ടു. തുടര്‍ന്ന് സ്കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ ശ്രമിച്ചെങ്കിലും സ്കൂളധികൃതര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല.

ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയെ നുള്ളിയ അധ്യാപികയ്‌ക്കെതിരെ സെയ്ദാപേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ അമ്മ പരാതിയും നല്‍കി. ഇതിനിടെ അനാവശ്യമായ നിയമ നടപടികള്‍ കൊണ്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മെഹറൂന്നിസയും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസിസ്റ്റസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് മെഹറൂന്നിസയ്ക്ക് അമ്പതിനായിരം രൂപ പിഴയിട്ടത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :