സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കും മൂക്കുകയറിടാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:57 IST)
രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിലും മൂക്കു കയറിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകളും പോസ്റ്റുകളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഇതിനായി ഓംബുഡ്‌സമാനെ നിയോഗിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞദിവസം രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 857 വെബ്‌സൈറ്റുകള്‍ ആണ് നിരോധിച്ചത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആയിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനു പിന്നാലെയാണ് സൈറ്റുകളിലെ ഉള്ളടക്കം പരിശോധിച്ച് നിരോധിക്കേണ്ടവ നിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ആക്‌ടിവിസ്റ്റുകളെ ആയിരിക്കും.

യാക്കൂബ് മേമന്റെ വധശിക്ഷയെ പ്രതികൂലിച്ച് സംസാരിച്ചതിന് ഫേസ്‌ബുക്കില്‍ നിന്ന് ചിലരെ കുറച്ചു ദിവസങ്ങളിലേക്ക് വിലക്കിയിരുന്നു. കിസ് ഓഫ് ലവ് പേജിന് കുറഞ്ഞ ദിവസങ്ങളിലേക്ക് നിരോധനം ഏര്‍പ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. അതുകൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. സര്‍ക്കാരിന്റെ തീരുമാനം സദാചാര പൊലീസിങ്ങിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. അശ്ലീല സൈറ്റുകളുടെ പ്രചരണം തടയുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ തടയാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി ചോദിച്ചതിന്റെ ഭാഗമായാണ് താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :