സിറിയന്‍ അഭയാര്‍ഥി പ്രവാഹം; ജോര്‍ദാന് സഹായ ഹസ്തവുമായി ഇന്ത്യ

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (13:21 IST)
സിറിയന്‍ അഭയാര്‍ഥി പ്രവാഹം മൂലമുണ്ടായ പ്രതിസന്ധികള്‍ നേരിടുന്നതിന് ജോര്‍ദാന് ഇന്ത്യയുടെ സാമ്പത്തിക സഹായം. ജോര്‍ദാനിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ ത്രിഗുണായത് ജോര്‍ദ്ദാന്‍ ആസൂത്രണ അന്താരാഷ്ട്ര സഹകരണ മന്ത്രി ഇമാദ് ഫഖൗരിയെ നേരില്‍ കണ്ടാണ് ഇന്ത്യയുടെ സഹായ വാഗ്ദാനം അറിയിച്ചത്. അഞ്ച് ലക്ഷം യുഎസ് ഡോളറാണ് നല്‍കാന്‍ പോകുന്നത്.

ജോര്‍ദ്ദാന്‍ സര്‍ക്കാരുമായി സഹകരിക്കാനും അവരെ സഹായിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സഹോദരബന്ധം കാത്തുസൂക്ഷിക്കാന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സിറിയന്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ജോര്‍ദ്ദാന്‍ നടത്തുന്ന പരിശ്രമം അംഗീകരിച്ച് സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. 2011 ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം നാല്‍പത് ലക്ഷത്തിലധികം പേര്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ഇവരില്‍ നല്ലൊരു ശതമാനവും ജോര്‍ദ്ദാന്‍ അടക്കമുളള അയല്‍രാജ്യങ്ങളിലാണ് കുടിയേറിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :